പ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്സീ റുബായേവിന്റെ മൂന്നാമത്തെ ചിത്രമാണ് “വോഡ്ക ഡ്രിങ്കേഴ്സ്” എന്ന (തെല്ലു വിചിത്രമായ) പേരില്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്ത “ഒക്രൂഷ്ക” (2005). റഷ്യന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന “നികാ“ പുരസ്കാരം ലഭിച്ച ഈ സിനിമ കാന്‍, മോണ്രിയാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശനത്തിനു വന്നു. വോഡ്കാ ഡ്രിങ്കേഴ്സ് 2007-ലെ ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു, എങ്കിലും ഇന്ത്യയില്‍ അധികം ആരവങ്ങളുണ്ടാക്കാതെ പോയി. ഈ സിനിമയിലെ ചില ലൈംഗിക രംഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ / മലയാള പത്രങ്ങളില്‍ ഒഴുക്കന്‍ മട്ടിലെങ്കിലും പ്രതിപാദിക്കപ്പെട്ടത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും വിക്കിപീഡിയയിലും ഐ.എം.ഡി.ബി.യിലും ഈ ചലച്ചിത്രത്തിന്റെ കഥയുടെ ചുരുക്കെഴുത്ത് മാത്രമേ ലഭ്യമായിട്ടുള്ളൂ. അവിസ്മരണീയമായ ഈ ദൃശ്യ-ശ്രവ്യാനുഭവത്തിന് വേണ്ടത്ര നിരൂപകശ്രദ്ധ കിട്ടാതെപോയതിലുള്ള പരിഭവമാണ് ഈ കുറിപ്പിലേയ്ക്ക് നയിച്ചത്.
“റ്റൈം വാച്ച്”, “ഡെലോ സുഖോവോ ഡോളിബിന”, എന്നീ റഷ്യന്‍ സിനിമകളിലൂടെ പ്രശസ്തനായ ആന്ദ്രേ ഇവാനോവ് ആണ് സിനിമയുടെ കേന്ദ്രബിന്ദുവായ “സാക്ക്” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഷോട്ടില്‍ കാണുന്നത് കാമറയ്ക്ക് അഭിമുഖമായി താടിക്കു കൈകൊടുത്തിരിക്കുന്ന സാക്കിനെയാണ്. ട്രെയിനിന്റെ കുലുക്കത്തില്‍ നിന്നും തുറന്നുകിടക്കുന്ന ജനലിലൂടെ തെന്നിനീങ്ങുന്ന സ്റ്റെപ്പികളുടെ ദൃശ്യം നമുക്ക് സാക്ക് തീവണ്ടിയില്‍ ഇരിക്കുകയാണെന്ന് മനസിലാക്കിത്തരുന്നു. അയാളുടെ പച്ചക്കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന കാമറ കണ്ണിനുള്ളിലേയ്ക്കു പോവുന്നു, അതിവേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന തീവണ്ടിയും സ്റ്റെപ്പികളും* കടന്ന് കടന്ന് ഒരു വൈക്കോല്‍ത്തുറുവിന്റെ മുന്നില്‍ നില്‍ക്കുന്ന കാമറ സാക്കിനെയും എലീന എന്ന സുന്ദരിയായ സാക്കിന്റെ കാമുകിയെയും കാണിക്കുന്നു (ആന്ദ്രിയ ജോണ്‍സണ്‍ - ഗ്ലാഡിയേറ്റര്‍, സൈഡ് വൈസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ അല്പപ്രധാനമായ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്). തീവ്രപ്രണയത്തിനുശേഷമുള്ള ആലസ്യത്തില്‍ വൈക്കോല്‍ കൊണ്ടു ശരീരംമൂടിക്കിടക്കുന്ന എലീന പോവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ രംഗം മങ്ങി പശ്ചാത്തലത്തിലേയ്ക്ക് മറയുന്നു. വീണ്ടും ഉയര്‍ന്നുവരുന്ന പോവരുത്, പോവരുത്, എന്ന ശബ്ദത്തില്‍ തീവണ്ടിയുടെ താളം കലരുന്നു. കാമറ തീവണ്ടിയിലിരിക്കുന്ന സാക്കിന്റെ മുഖത്ത് കേന്ദ്രീകരിക്കുന്നു. ഒരു സംഘട്ടനം നടക്കുന്ന ശബ്ദം ഉയര്‍ന്നുവരുന്നു. സാക്ക് എഴുന്നേറ്റ് അടുത്ത കാബിനിലേയ്ക്കു പോവുമ്പോള്‍ കാണുന്നത് സാമാന്യം തടിച്ച തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്ന നരച്ച വട്ടമുഖമുള്ള മദ്ധ്യവയസ്കനെയാണ്. സാക്കിനെ കണ്ട് അയാള്‍ അമ്പരന്നുനോക്കുന്നു. അയാളെ തടുക്കാന്‍ അലറിക്കൊണ്ട് മുന്നോട്ടായുന്ന സാക്ക് തടിയന്‍ കൈവീശിയുള്ള അടികൊണ്ട് വീഴുന്നു. ഈ രംഗത്തിലെ ശബ്ദസമന്വയം മികച്ചതാണ്.
വീണുകിടക്കുന്ന സാക്കിന്റെ കൈ തന്റെ അടിവയറ്റിലേയ്ക്കു പോവുന്നു, അടിവയറ്റില്‍ മുഴച്ചുനില്‍ക്കുന്ന ഒരു കൈത്തോക്ക് അപ്പൊഴാണ് പ്രേക്ഷകനു വെളിപ്പെടുന്നത്. അവന്റെ കൈ തോക്കിനുമേല്‍ ഒരു നിമിഷം തങ്ങിനില്‍ക്കുമ്പോള്‍ സിനിമയില്‍ പൂര്‍ണ്ണ നിശബ്ദതയാണ് (നിശബ്ദതയെ സമയത്തിന് ദൈര്‍ഖ്യം കൂട്ടുവാനും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുവാനുമുള്ള ഉപകരണമായി റുബായേവ് വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു). സാക്കിനെ താങ്ങി എഴുന്നേല്‍പ്പിക്കുന്ന ഭാര്യയും ഭര്‍ത്താവും അയാളെ ചാരി ഇരുത്തുന്നു. സാരമില്ല എന്നുപറഞ്ഞ് അടികൊടുത്തയാള്‍ സാക്കിന് എതിരേ ഇരിക്കുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു ഫ്ലാസ്ക് വോഡ്ക പുറത്തെടുക്കുന്നു. കാമറയുടെ നേരെ നീണ്ടുവരുന്ന വോഡ്കയുടെ നേര്‍ക്ക് അടിവയറ്റിലെ പിടിത്തം വിട്ട് അവന്‍ കൈ നീട്ടുന്നു, സാക്ക് എങ്ങോട്ടാണെന്ന് അവര്‍ തിരക്കുന്നു - അവന്‍ രണ്ട് ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവുകയാണ്. തടിച്ച സ്ത്രീ “ആരും രണ്ടു ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവാറില്ല, ഒരു ജീവിതകാലത്തേയ്ക്കേ പോവാറുള്ളൂ” എന്ന് അലസമായി പറയുന്നു. “അവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ” എന്നുപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒരു പഴയ കടലാസുകഷണത്തില്‍ അവര്‍ എഴുതി നല്‍കുന്നു.
സിനിമയില്‍ വരാനിരിക്കുന്ന അനുഭവങ്ങളുടെ പ്രതീകവും ആവര്‍ത്തിക്കുന്ന ഒരു ബിംബവുമാണ് വോഡ്ക എന്നു കാണാം - സ്നേഹത്തിന്റെ - ഒരുതരം വരണ്ട സ്നേഹത്തിന്റെ ബിംബമായാണ് റുബായേവ് വോഡ്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തുടര്‍ന്നുവരുന്ന സീനുകളിലൂടെ പ്രേക്ഷകനു മനസിലാവുന്നു. ഉദാഹരണത്തിന് രാത്രി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി സാക്കിന്റെ നെഞ്ചിലേയ്ക്ക് തോക്കുചൂണ്ടി പണവും പാസ്പോര്‍ട്ടും ടിക്കറ്റും കൊള്ളയടിക്കുന്ന കള്ളനും കൊള്ളകഴിഞ്ഞ് മിണ്ടാതെ സാക്കിന്റെ വായിലേയ്ക്ക് വോഡ്ക ഇറ്റിക്കുന്നു. ടിക്കറ്റ് ഇല്ല എന്ന കുറ്റത്തിന് സാക്കിനെ അറസ്റ്റ് ചെയ്യുന്നത് ഒരു റഷ്യന്‍ പട്ടാളക്കാരനാണ്. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിനായി ട്രെയിനിന്റെ ടോയ്ലെറ്റില്‍ സ്വവര്‍ഗ്ഗരതിയ്ക്ക് സാക്കിനെ വിധേയനാക്കുന്ന (ഏതാനും കൂര്‍മ്മമായ സൂചനകളിലൂടെയാണ് ഈ രംഗം റുബായേവ് വിദഗ്ധമായി സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്) അയാളും അവനോട് ഒപ്പമിരുന്ന് വോഡ്ക കുടിക്കുന്നു, കൈ കുലുക്കി യാത്രപറയുന്നു. ഇത്തരം രംഗങ്ങളില്‍ പലപ്പൊഴും സാക്ക് അരയിലെ തോക്കിലേയ്ക്ക് കൈകള്‍ നീട്ടുന്നെങ്കിലും തോക്ക് പുറത്തെടുക്കുകയോ വെടിവെയ്ക്കുകയോ ചെയ്യുന്നില്ല.
തീവണ്ടി അനുഭവങ്ങളുടെ തീവണ്ടിയാണെന്നു പറയാം. സിനിമ കണ്ടുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത തീവണ്ടിയാത്രയാണ് ഇതെന്ന് തോന്നിയാല്‍ തെറ്റില്ല, എങ്കിലും പിന്നിലേയ്ക്കു നീളുന്ന ഓര്‍മ്മകളിലൂടെ (ഓര്‍മ്മകളുടെ പശ്ചാത്തലസംഗീതവും തീവണ്ടിയുടെ കടകട ശബ്ദമാണ്!!) യാത്രയുടെ പശ്ചാത്തലവും ലക്ഷ്യവും സംവിധായകന്‍ വെളിവാക്കുന്നു. സന്തുഷ്ടമായ ഒരു ലോകമാണ് സാക്ക് തന്റെ ലക്ഷ്യത്തിനുവേണ്ടി ഉപേക്ഷിച്ചുവരുന്നതെന്ന് പില്‍ക്കാഴ്ച്ചകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രിയപ്പെട്ട ലോകം വിട്ടുപോവാന്‍ മാത്രം ശക്തമായ കാരണങ്ങള്‍ കൊണ്ടാണ് സാക്ക് വീടുവിട്ടിറങ്ങുന്നത്. മുന്‍പെന്നോ നാടുവിട്ടുപോയ സാക്കിന്റെ ജ്യേഷ്ഠന്‍ മോസ്കോയില്‍ ഗുണ്ടാസംഘത്തില്‍ അംഗമാകുന്നു, സംഘത്തലവനുമായി തെറ്റി വെടികൊണ്ട് മരിക്കുന്നു, അവന്റെ കുഴിമാടം തിരക്കിയാണ് താന്‍ പോവുന്നതെന്ന് തന്നെക്കാള്‍ പത്തുവയസിനെങ്കിലും മുതിര്‍ന്ന സഹയാത്രികയോട് പറയുമ്പോള്‍ സാക്കിന്റെ കൈകള്‍ അറിയാതെ തന്റെ അടിവയറിലേയ്ക്ക് (കൈത്തോക്ക് വെച്ചിരിക്കുന്നയിടത്തേയ്ക്ക്) പോവുന്നതിലേയ്ക്ക് കാമറ തിരിയുന്നു. ജ്യേഷ്ഠന്‍ വെടികൊണ്ടു വീഴുന്ന രംഗം സാക്കിന്റെ ഭാവനയിലാണ്. ഇതേ രംഗം സാക്ക് പലതവണ സങ്കല്‍പ്പിക്കുന്നു. ജ്യേഷ്ഠനെ കൊല്ലുന്ന സംഘത്തലവന്റെ മുഖവും സാക്ക് സങ്കല്പിക്കുന്നതാണ്. എന്നാല്‍ ഓരോ തവണയും ഓരോ രീതിയിലാണ് മരണം സംഭവിക്കുന്നത്, വ്യത്യസ്ത സാഹചര്യ്യങ്ങളിലാണ് ജ്യേഷ്ഠന്‍ മരിച്ചുവീഴുന്നത് - സങ്കല്പത്തിന്റെ മായികലോകത്തുമാത്രമേ അവന്റെ ജ്യേഷ്ഠന്‍ മരിക്കുന്നുള്ളൂ എന്നുവരെ പ്രേക്ഷകനു തോന്നിപ്പോവുന്നു. അവന്റെ ജ്യേഷ്ഠന്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് റുബായേവ് ഒരിക്കലും നമ്മളോട് പറയുന്നില്ല.
ജ്യേഷ്ഠന്റെ അലമാര പരിശോധിക്കുമ്പോള്‍ കിട്ടുന്ന തോക്ക്, മോസ്കോയിലെ ഒരു വിലാസം, എന്നിവയും കൊണ്ടാണ് സാക്ക് യാത്രതിരിക്കുന്നത്. തോക്ക് പരിശോധിക്കുമ്പോള്‍ അതില്‍ ഒരു തിരയേ ഉള്ളൂ എന്ന് അവന്‍ കാണുന്നു. ഒരു തിര ചേട്ടന്‍ ബാക്കിവെച്ചത് തനിക്ക് അത് ഉപയോഗിക്കാനാണ് എന്ന് അവന്‍ വിശ്വസിക്കുന്നു, സാക്കിന്റെ യാത്രയുടെ ആരംഭമായി റുബായേവ് കാണിക്കുന്ന രംഗം ഇതാണ്. പലതവണ തോക്ക് ന്യായമായും ഉപയോഗിക്കേണ്ട അവസരം വന്നിട്ടും സാക്ക് അത് ഉപയോഗിക്കാത്തത് ഒരു തിരമാത്രം ഉള്ളതുകൊണ്ടും ആ തിരയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉള്ളതുകൊണ്ടുമാണെന്ന് ട്രെയിനില്‍ എതിരേ വന്നിരിക്കുന്ന മദ്ധ്യവയസ്കയോട് സാക്ക് പറയുന്നുണ്ട്.
അവന്റെ കഥ കേട്ട് ഒറ്റയ്ക്കു കിടക്കണ്ട, അപകടമാണ് എന്ന് പറയുന്ന അവരോട് “നിങ്ങളോടൊത്തുകിടക്കണമെങ്കില്‍ എനിക്ക് നൂറു റൂബിള്‍ തരണം” എന്ന് എടുത്തടിച്ചതുപോലെയാണ് സാക്ക് പറയുന്നത്. “ഞാന്‍ അതല്ല പറഞ്ഞത്” എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മദ്ധ്യവയസ്കയുടെ ചിരി ഈ സിനിമയിലെ ആകെയുള്ള ചിരിയാണെന്നു പറയാം. അടുത്ത സീനില്‍ ഉറക്കമുണരുന്ന സ്ത്രീ അവളെച്ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൈകളില്‍ നൂറുറൂബിള്‍ വെച്ചുകൊടുക്കുന്നു.
മോസ്കോ നഗരഭംഗി ഒരു ടാക്സിയുടെ റിയര്‍വ്യൂ മിററിലൂടെയാണ് റുബായേവ് കാണിച്ചുതരുന്നത്. തീവണ്ടിയില്‍ പിന്നോട്ടോടുന്ന ഭൂപ്രകൃതിയുടെ പ്രതീതി ഈ ദൃശ്യങ്ങളും തരുന്നു. കല്ലുപാകിയ തെരുവോരത്ത് ഇരുമ്പഴികളിട്ട ഒരു ഫ്ലാറ്റിനു മുന്നില്‍ നിന്ന് കാളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തുന്ന സാക്കിനു മുന്നില്‍ വാതില്‍ തുറക്കുന്നത് ആജാനബാഹുവായ ഒരു മനുഷ്യനാണ്. സാക്കിന്റെ ശരീരത്തില്‍ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കുന്ന അയാള്‍ എന്തുകൊണ്ടോ അടിവയറ്റില്‍ പതിയിരിക്കുന്ന തോക്കില്‍ കയ്യോടിക്കുന്നില്ല. ഈ അസംഭാവ്യത സിനിമയിലെ ഒരു ന്യൂനതയാണെന്നും പറയാം, എന്നാല്‍ കഥയെ മുന്നോട്ട് ചലിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ചുരുക്കം ന്യൂനതകളില്ലാതെ സാദ്ധ്യമല്ല എന്നും വരാം. ഫ്ലാറ്റിനുള്ളില്‍ വിശാലമായ മുന്‍മുറിയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ പോകുന്ന ഗുണ്ടാസംഘത്തലവന്‍ - ഇയാളുടെ കറുത്തകുറ്റിത്താടിയുള്ള പരുക്കന്‍ മുഖം മുന്‍പ് സാക്കിന്റെ ജ്യേഷ്ഠനെ കൊല്ലുന്ന സങ്കല്പരംഗത്തില്‍ പലതവണ ക്ലോസപ്പില്‍ കാണിക്കുന്നതാണ് - അവനെക്കണ്ട് പെട്ടെന്നു നില്‍ക്കുന്നു. “ആഹാ, നീ ആന്ദ്രേയുടെ സഹോദരനാണോ? എന്റെ ആന്ദ്രേയെപ്പോലെ തന്നെ” - അയാള്‍ സാക്കിന്റെ തോളില്‍ തട്ടുന്നു. ഒരു നിമിഷത്തെ ആശ്ചര്യത്തിനു ശേഷം അടിവയറ്റിലേയ്ക്ക് കൈ നീട്ടുന്ന സാക്കിനു നേരെ “ആന്ദ്രേയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു” എന്നുപറഞ്ഞ് ഗുണ്ടാത്തലവന്‍ ഒരു കുപ്പി വോഡ്ക നീട്ടുന്നു. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങള്‍ക്കു ശേഷം - ഗുണ്ടാത്തലവനു പിന്നില്‍ ചുമരിലെ വലിയ പഴഞ്ചന്‍ ക്ലോക്കില്‍ നിമിഷ സൂചി നിശ്ചലമെന്നു തോന്നിപ്പിച്ച് വളരെ പതുക്കെയാണ് സംവിധായകന്‍ ചലിപ്പിക്കുന്നത് - തലയുയര്‍ത്തുന്ന സാക്കിനു പിന്നിലേയ്ക്ക് നീളുന്ന കാമറയില്‍ നിറയുന്നത് പുറത്തെ സൂര്യപ്രകാശത്തിന്റെ കണ്ണുകഴപ്പിക്കുന്ന കടുംമഞ്ഞനിറമാണ്.
സാക്ക് ഗുണ്ടാത്തലവനെ വെടിവെയ്ക്കുമോ ഇല്ലയോ എന്ന് കാണിക്കാതെ സിനിമ അവസാനിക്കുന്നു. എന്നാല്‍ വോഡ്കയുടെ നേര്‍ക്ക് കൈ നീട്ടുന്നതില്‍ നിന്നും അവന്‍ ആരെയും കൊല്ലുന്നില്ല എന്ന് ചലച്ചിത്രത്തിലെ പാറ്റേണ്‍ അനുസരിച്ച് ന്നമുക്ക് അനുമാനിക്കാം.
ഒരേ ലക്ഷ്യത്തിനു നേര്‍ക്ക് പരിശ്രമിച്ചാല്‍ ഒടുവില്‍ തീര്‍ച്ചയായും അതു നേടാനാവും എന്ന സാമാന്യവിശ്വാസം സിനിമയുടെ അന്ത്യത്തില്‍ തലകുത്തിവീഴുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെയാണ് അലക്സീ റുബായേവ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും, അതല്ല, സ്നേഹത്തിന്റെ ഭോഷത്തം ആണെന്നും പറയാം. എന്നാല്‍ ലോഹം പോലെ തിളങ്ങുന്ന മോസ്കോ നഗരത്തിന്റെ കൂര്‍ത്ത തെരുവുകളിലും സാക്ക് സ്നേഹത്തിന്റെ തുരുമ്പുകള്‍ കണ്ടെത്തുന്നു എന്ന് പ്രേക്ഷകന് ആശ്വസിക്കുകയും ചെയ്യാം. സിനിമയുടെ അവസാനത്തില്‍ നിറയുന്ന മഞ്ഞവെളിച്ചം, പക്ഷേ നിരാശയുടെ നിറമാണ്.
പല കലാമൂല്യമുള്ള റഷ്യന്‍ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായ ബദായേവ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉന്നതമായ ഒരു കലാമൂല്യമുള്ള ചിത്രം എങ്ങനെ സാധാരണക്കാരനായ പ്രേക്ഷകനുപോലും നയനാനന്ദകരമാക്കാം എന്ന് ബദായേവ് നമുക്കു കാണിച്ചുതരുന്നു. ഈ ചിത്രത്തിന് ന്യൂനതകള്‍ ഇല്ലെന്നല്ല; - ഒറ്റത്തിരയുള്ള തോക്കുമായി ഇതുവരെ പോയിട്ടില്ലാത്ത നഗരത്തിലേയ്ക്ക് ശത്രുവിനെ നേരിടാന്‍ പോകുന്ന യുവാവിനെ വിഡ്ഢിയും അഹംഭാവിയുമായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം, എന്നാല്‍ സുഗമമായി ഒഴുകിനീങ്ങുന്ന കഥയും ശക്തമായ കഥാപാത്രവും ഇത്തരം ന്യൂനതകളെ മറയ്ക്കുന്നു. ഒരു അഭിനേതാവിനെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തില്‍ ഇവാനോവ് ശക്തമായ അഭിനയം ആണ് കാഴ്ച്ചവയ്ക്കുന്നത്. അത്യുക്തികളില്ലാത്ത, subtle ആയ ഭാവപ്രകടനങ്ങളാണ് മിക്ക കഥാപാത്രങ്ങളുടേതും. ലളിതമായ പ്രമേയവും ചുരുങ്ങിയ സംവിധാനങ്ങളുമുപയോഗിച്ച് (സിനിമയുടെ ഭൂരിഭാഗവും തീവണ്ടിമുറികളാണെന്ന് ഓര്‍ക്കുക) അതിസുന്ദരമായ ഒരു സിനിമ രചിക്കുന്നതെങ്ങനെ എന്ന് റുബായേവ് നമുക്കു കാണിച്ചുതരുന്നു.
---
സ്റ്റെപ്പികള്‍ -റഷ്യന്‍ പുല്‍മേടുകള്‍.
3/31/2009
വോഡ്ക ഡ്രിങ്കേഴ്സ് - ഒരു നിരൂപണം
എഴുതിയത്
സിമി
സമയം
Tuesday, March 31, 2009
12
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/20/2009
ലൈംഗികം
1. ആത്മം
Oh god, എനിക്കെന്നെ ഒരുപാട് ഇഷ്ടമാണ്. അധികം നീളമില്ലാത്ത എന്റെ വിരലുകളെ, കൈത്തണ്ടയിലെ ഉറച്ച പേശികളെ, ഉരുണ്ട തോളുകളെ, ദൃഢമായ കഴുത്തിനെ, അതില്‍ പടര്‍ന്നുകയറുന്ന ഞരമ്പുകളെ, കറുത്തുചുരുണ്ട തലമുടിയെ, പരന്ന കവിളുകളെ, തിങ്ങിവളര്‍ന്ന മീശയെ, എന്റെ നിരതെറ്റാത്ത പല്ലുകളെ, വിരിഞ്ഞ നെഞ്ചിനെ, നെഞ്ചിലെ ചുരുണ്ട രോമങ്ങളെ, അവയ്ക്കിടയില്‍ ഇളം ചുവപ്പുനിറത്തില്‍ എഴുന്നുനില്‍ക്കുന്ന എന്റെ മുലഞെട്ടുകളെ, V ആകൃതിയില്‍ ഒട്ടിയ വയറിനെ, അകത്തേയ്ക്കുവലിഞ്ഞ പൊക്കിള്‍ക്കൊടിയെ, കടഞ്ഞെടുത്ത കാലുകളെ, ബലിഷ്ഠമായ തുടയെ, ഉയര്‍ന്ന് വില്ലുപോലെ വളഞ്ഞുനില്‍ക്കുന്ന എന്റെ ലിംഗത്തെ - ഞാന്‍ സുന്ദരനാണെന്ന് കണ്ണാടിക്കുപോലും ബോധ്യമായിക്കാണണം. ആറടി പൊക്കമുള്ള കണ്ണാടിയില്‍ നിവര്‍ന്നുനില്‍ക്കുമ്പോള്‍ കുളത്തിലെ സ്വന്തം പ്രതിബിംബത്തെ നാര്‍സിസസ് എത്രമാത്രം പ്രേമിച്ചെന്ന് എനിക്കു മനസിലാവുന്നു. ഫ്ലാറ്റിലെ ഈ മുറിയില്‍ എക്സര്‍സൈസ് ഉപകരണങ്ങളും നിലക്കണ്ണാടിയും മേശയും മാത്രമാണ്.
നൂറ്റിയിരുപത് പുഷപ്പുകള്‍ വരെ ഞാന്‍ എണ്ണി, വേദനയില്‍ അല്പനേരം കമഴ്ന്നടിച്ചുകിടന്നു, എഴുന്നേറ്റ് വിയര്‍പ്പുതുടച്ചു, ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു, സുഗന്ധദ്രവ്യം പുരട്ടി, മുഖത്ത് ക്രീം പുരട്ടി, അടിവസ്ത്രങ്ങള്‍ ധരിച്ചു, ജീന്‍സും വെളുത്ത നിറത്തില്‍ നീലക്കള്ളികളുള്ള ഷര്‍ട്ടും ധരിച്ചു, ഷര്‍ട്ടിന്റെ കൈ മടക്കിവെച്ച് ഷൂസ് വലിച്ചുകയറ്റി മൊബൈലും പേഴ്സും ഫ്ലാറ്റിന്റെ താക്കോലും പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങി. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഞാന്‍ എന്നും വൈകിട്ട് ഒരുമണിക്കൂറെങ്കിലും നടക്കാന്‍ പോകും.
2. സുഭാഷ് പാര്‍ക്ക്
കച്ചേരിപ്പടിയില്‍ റോഡ് ക്രോസ് ചെയ്യുന്നത് ഒരു സര്‍ക്കസ് ആണ്. അവിടെനിന്നും എം.ജി. റോഡ് വഴി നടന്നു. ആലുക്കാസിനുമുന്നില്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്ന നവവധുവും വലിയ കുടുംബവും ഉറക്കെ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നു. സരിത, സംഗീതയുടെ മുന്നില്‍ പുതിയ തമിഴ് പടത്തിന്റെ തിരക്ക്. സിഗ്നലില്‍ ഒരു കാര്‍ നിറുത്താതെ ഹോണടിക്കുന്നു. യാത്രക്കാര്‍ തിരക്കുപിടിച്ച് നടക്കുന്നു. ചൂടുകപ്പലണ്ടിയുടെ മണം. വഴിവക്കില്‍ വിലകുറഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിരത്തിവെച്ചിരിക്കുന്നു - പുതിയതൊന്നും വന്നിട്ടില്ല, കൂട്ടത്തില്‍ കൊള്ളാവുന്നതൊക്കെ വായിച്ചതാണ്. സുഭാഷ് പാര്‍ക്കിനു മുന്നില്‍ പ്ലാസ്റ്റ്ക്ക് പൂക്കള്‍ വില്‍ക്കാന്‍ ടെന്റ് കെട്ടിയിരിക്കുന്നു. സമയം ആറേ മുക്കാല്‍. അന്തരീക്ഷം ചുവന്നുതുടങ്ങി.
പാര്‍ക്കില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. കുട്ടികളില്ലാത്ത ടയറൂഞ്ഞാലുകള്‍ തൂങ്ങിനിന്ന് ഉറങ്ങുന്നു. പാര്‍ക്കിലെ പാതയ്ക്ക് ഇരുവശത്തും നിരയായി വെട്ടിനിറുത്തിയിരിക്കുന്ന കടും പച്ചനിറത്തിലുള്ള ചെടികള്‍ക്കിടയില്‍ നിന്ന് ചീവീട് കരയുന്നു. പാര്‍ക്കിനുള്ളിലെ വഴിയിലൂടെ മൂന്നുറൌണ്ട് നടന്നു. രണ്ട് വൃദ്ധന്മാര്‍ ഒരു ബെഞ്ചില്‍ പരസ്പരം മിണ്ടാതെ മുന്നോട്ടുനോക്കിയിരിക്കുന്നു. നടക്കാന്‍ അധികം പേരില്ല. എനിക്കു മുന്നില്‍ ഒരു തടിച്ച സ്ത്രീ നടക്കുന്നു. അവര്‍ തിരിഞ്ഞുനോക്കി. ഞാന്‍ ചിരിച്ചു. അവര്‍ തിരിച്ചുചിരിച്ചു, നടത്തം പതുക്കെയാക്കി. തടിച്ച സ്ത്രീകളെ എനിക്കിഷ്ടമല്ല. അവരോട് ഒപ്പമെത്താതെയിരിക്കാന്‍ ഞാനും നടത്തം പതുക്കെയാക്കി, അവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഒരു ബെഞ്ചിലിരുന്നു. കുറച്ചേറെ ചെന്നിട്ടാണ് ആ സ്ത്രീ വീണ്ടും തിരിഞ്ഞുനോക്കിയത്. എന്നെ കണ്ടോ എന്ന് അറിയില്ല, ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ നടത്തം തുടര്‍ന്നു. നേരം ഇരുട്ടിത്തുടങ്ങുന്നു. തലയ്ക്കു മുകളിലെ മരത്തില്‍ ഉറക്കത്തിനുമുന്നേ പക്ഷികള്‍ കൈമാറുന്നു. ഒരാള്‍ നടന്നു വരുന്നു. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും കാന്‍വാസ് ഷൂസും ധരിച്ച ഇയാള്‍ ഷേവ് ചെയ്തിട്ടില്ല, കവിളുകള്‍ കുഴിഞ്ഞിട്ടാണ്. കണ്ണുകള്‍ അതിലും കുഴിഞ്ഞിട്ട് - കുഴിയില്‍ നിന്നും കൃഷ്ണമണികള്‍ തിളങ്ങുന്നു. കട്ടിപ്പുരികം, വലിയ നെറ്റി. നിഷ്കളങ്കമായ മുഖം, ആകര്‍ഷകമായ ചിരി - “എനിക്ക് ഇരുപതു രൂപ വേണം, വണ്ടിക്കൂലിക്ക് കാശു നഷ്ടപ്പെട്ടു. അല്പം ദൂരെയാണ്..” ഞാന്‍ ഇല്ല എന്ന് തലയാട്ടി, നടക്കാനായി ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. ഇങ്ങനെ മെലിഞ്ഞ മനുഷ്യനില്‍ നിന്നും ഇത്ര ഗാംഭീര്യമുള്ള ശബ്ദം വരുന്നതുകേട്ട് അല്പം ആശ്ചര്യത്തോടെ ഞാന്‍ നടന്നകലുമ്പോള്‍ അയാള്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. “പ്ലീസ്, അങ്ങനെ പറയരുത്” - മെലിഞ്ഞ വിരലുകള്‍ കൊണ്ടുള്ള കൈത്തണ്ടയിലെ പിടിത്തം മൃദുവാണ്, “പ്ലീസ്” - മുഖത്ത് ദൈന്യഭാവമില്ല, അഭ്യര്‍ത്ഥനയില്ല, കണ്ണുകള്‍ ചിരിക്കുന്നു. നന്നായി വെട്ടിനിറുത്തിയ മീശ കവിളിന്റെ വശങ്ങളിലേയ്ക്ക് പരക്കുന്നു. “ഇല്ല” - എന്റെ ശബ്ദം കടുത്തു, ഞാന്‍ കൈ വലിച്ചു, നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. ചിരിക്കുന്നുണ്ടാവുമോ - അറിയില്ല, എനിക്ക് ഇരുട്ടില്‍ മുഖം നേരേ കാണാന്‍ പറ്റിയില്ല.
ഞാന്‍ പാര്‍ക്കിനെ വീണ്ടും വലം വെയ്ക്കാതെ മുന്‍വശത്തെ ഗേറ്റുവഴി ഇറങ്ങി. പാര്‍ക്കിനു മുന്നില്‍ കിടക്കുന്ന ഓട്ടോയില്‍ കയറി ഇരുപതു മിനിട്ടില്‍ ഫ്ലാറ്റില്‍ തിരിച്ചെത്തി. ഒന്നും കഴിക്കാന്‍ തോന്നിയില്ല. ടിവി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു, കുളിച്ചു. വിശന്നു. ഒരുകുപ്പി വെള്ളം കുടിച്ചു. ഉറങ്ങാന്‍ കിടന്നു.
3. ചിറ്റൂര്‍ ബസ്സ്
മറൈന്‍ ഡ്രൈവിനു മുന്നില്‍ നിന്നാണ് ചിറ്റൂരേയ്ക്കുള്ള ചുവന്ന ബസ്സില്‍ കയറിയത്. ബസ്സില്‍ തിരക്കായിരുന്നു. സെന്റ് ആല്‍ബര്‍ട്ട്സിനു മുന്നിലെത്തിയപ്പോള്‍ തടിച്ച ഒരു മദ്ധ്യവയസ്കന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇരിക്കാനായി എനിക്ക് രണ്ടാള്‍ അകലെനിന്ന കിഴവന്‍ തിക്കിത്തിരക്കി വരുന്നത് ഇടംകോണിലൂടെ കണ്ട്, അയാളെ കണ്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ പെട്ടെന്ന് സീറ്റിലിരുന്നു. കിഴവന്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടാവണം, ഞാന്‍ മുഖമുയര്‍ത്തിയില്ല. മടിയില്‍ വെച്ച ബാഗിലേയ്ക്ക് കൈകള്‍ പിണച്ചുവെച്ച് എന്റെ വിരലുകളിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
സീറ്റില്‍ ജനാലയോട് ചേര്‍ന്നിരിക്കുന്നയാള്‍ എന്നെ നോക്കുന്നതുപോലെ തോന്നി. “ഹലോ”. ഞാന്‍ മുഖമുയര്‍ത്തി. കുഴിഞ്ഞ കവിളുകളും കണ്ണുകളുമുള്ള - ഇന്നലെ കണ്ടയാള്‍. അയാള്‍ ചിരിച്ചു. “ഓര്‍മ്മയുണ്ടോ”? ഞാന്‍ ജോണ്‍. അയാള്‍ കൈ നീട്ടി. ഞാന്‍ കൈ പിടിച്ചു കുലുക്കി. മൃദുവായ കൈ കൊണ്ട് അയഞ്ഞപിടിത്തം. അയാള്‍ അല്പനേരം കൈ വിട്ടില്ല. “താമസം എവിടെയാണ്?” ഞാന്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞില്ല, കേള്‍ക്കാത്തതുപോലെ തിരിച്ചു ചോദിച്ചു - “ജോണ്‍ എങ്ങോട്ടാണ്?” “അങ്ങനെയൊന്നുമില്ല. ചിറ്റൂര്‍ വരെ റ്റിക്കറ്റ് എടുത്തിട്ടുണ്ട്, പേരുപറഞ്ഞില്ല - നിങ്ങള്‍ എങ്ങോട്ടാണ്?” ഞാന്‍ സ്ഥലം പറഞ്ഞു. “ഉവ്വോ, ഞാനും അവിടെ ഇറങ്ങാം. ഈ നഗരത്തില്‍ ഒരാളെത്തന്നെ രണ്ടുതവണ കണ്ടുമുട്ടുന്നത് വലിയ യാദൃശ്ചികതയാണ്. അതും അടുത്ത ദിവസങ്ങളില്‍. വിരോധമില്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഒന്നു കടം തരാമോ? എനിക്കൊരാളെ വിളിക്കാനുണ്ട്”. ഞാന്‍ ഫോണ്‍ കൊടുത്തു, ജോണ്‍ ആരെയോ വിളിക്കാന്‍ ശ്രമിച്ചു. മൂന്നുനാലു തവണ ശ്രമിച്ചിട്ട് “എടുക്കുന്നില്ല” എന്നുപറഞ്ഞ് ഫോണ്‍ തിരികെത്തന്നു. കാലുകള്‍ വിടര്‍ത്തി എന്നെ സ്പര്‍ശിച്ചുകൊണ്ടാണ് അയാള്‍ ഇരിക്കുന്നത്. രണ്ടുപേര്‍ക്ക് പരസ്പരം തട്ടാതെ ഇരിക്കാന്‍ ബസ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റല്ല, എന്നിട്ടും എന്തോ, അയാളുടെ സ്പര്‍ശം എനിക്ക് അലോസരമായി തോന്നി. ബസ്സ് പച്ചാളത്തെത്തി. “ഞാനിറങ്ങുന്നു” - ഞാനെഴുന്നേറ്റു. ജോണ്‍ ചിരിച്ചു. “ശരി, വീണ്ടും കാണാം” നീട്ടിയ കൈപിടിച്ചു കുലുക്കിയപ്പോള്‍ വീണ്ടും മൃദുത്വം. ഞാന്‍ ധൃതിയില്‍ ഇറങ്ങി. ഓട്ടോപിടിച്ച് നഗരത്തിലേയ്ക്ക് തിരികെപ്പോയി. ചിറ്റൂരെ സുഹൃത്തിനെ വിളിച്ച് ഇന്നു വരാന്‍ പറ്റില്ല എന്നുപറഞ്ഞു.
ഏഴരയോടെ റൂമിലെത്തി, ഷര്‍ട്ടും ബനിയനും ഊരിയിട്ടപ്പൊഴേയ്ക്കും ഫോണ്‍ മണിയടിച്ചു. പരിചിതമല്ലാത്ത നമ്പര്‍. ആരാണ്? “ഞാന്‍, ജോണ്‍. ക്ഷമിക്കൂ. ബസ്സിലിരുന്ന് നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചത് എന്റെ ഫോണിലേയ്ക്കാണ്, എനിക്ക് നിങ്ങളുടെ നമ്പര്‍ വേണമായിരുന്നു - തെറ്റിദ്ധരിക്കരുത്. ഡിയര്‍___, - i'm not stalking you - ഞാനിവിടെ ഒറ്റയ്ക്കാണ്, പരിചയമില്ലാത്ത നഗരം, ആരോടെങ്കിലും മിണ്ടാന്‍ കൊതിയായതുകൊണ്ടാണ്, മറ്റാരുമില്ലാത്തതുകൊണ്ടാണ് - മറ്റൊന്നുമല്ല. താങ്കള്‍ക്ക് ഫോണ്‍ വെക്കണമെങ്കില്‍ വെച്ചോളൂ.
ഞാന്‍ ഫോണ്‍ വെച്ചില്ല. ജോണ്‍ കുറെ അധികം സംസാരിച്ചു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നി. പാട്ടുപാടുന്നതുപോലെ താളത്തില്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പ്രണയം, നൈരാശ്യം, കഞ്ചാവ്, ജോലി നഷ്ടപ്പെട്ടു, ഏതോ സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇന്നലെ മറ്റാരോടോ ഇരന്ന് ഇരുപത് രൂപ വാങ്ങി ഏതോ സിനിമ കണ്ടു, ജോണ്‍ ബൈപാസിനടുത്ത് ഒരു ലോഡ്ജിലാണ് - “ഞാന്‍ എവിടെയാണ്?” - “അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല മിസ്റ്റര്‍”. “വിരോധമില്ലെങ്കില്‍ നാളെ വൈകിട്ട് നാലരയോടെ കനോപ്പിയില്‍ വരൂ. ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ കാണിച്ചുതരാം”. “സോറി ജോണ്‍, എനിക്കു നാളെ ഒരിടത്തുപോവാനുണ്ട്”. മറ്റെന്നാള്‍? “ഇല്ല, ഗൂഡ്നൈറ്റ്”.
അയാള്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ പറ്റില്ല - പുതുതായി പരിചയപ്പെടുന്ന ഒരാള്‍ പറയുന്നതെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ സത്യമേത്, കള്ളമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലുള്ള സംസാര രീതി, വികാരത്തോടെ, ആത്മാര്‍ത്ഥതയോടെ, ചാതുര്യത്തോടെ കഥകള്‍ പറയുന്നു, ജീവിതത്തിന്റെ കെട്ടഴിക്കുന്നു.
4. കാപ്പിക്കട
ജോണിനെ വീണ്ടും കണ്ടത് ഏകദേശം ഒരു മാസത്തിനു ശേഷമാണ്. ഇതിനിടെ ജോണ്‍ നാലുതവണ ഫോണ്‍ വിളിച്ചു. രണ്ടുതവണ കാപ്പികുടിക്കാന്‍ വിളിച്ചു. അയാള്‍ ശരിക്കും ഒറ്റയ്ക്കാണെന്നു തോന്നുന്നു. ജോണ്‍ സംസാരിക്കുന്ന രീതി ആകര്‍ഷകമാണ്. ഒരു മൂഡി കാരക്ടറാണ്. ചിലനേരത്ത് ലോകം പുല്ലാണ് എന്ന മട്ട്. ചിലപ്പോള്‍ മാരകമായ സെന്റി. ഇന്നലെ വിളിച്ചപ്പോള്‍ വിരോധമില്ലെങ്കില്‍ കാപ്പികുടിക്കാന്‍ വരാമോ എന്ന് വീണ്ടും പറഞ്ഞു. സത്യത്തില്‍ എനിക്ക് വിരോധമുണ്ട്. അപരിചിതരെ പെട്ടെന്ന് അടുപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്. ഞാന്‍ കാപ്പികുടിക്കാന്‍ ചെന്നപ്പോള്‍ ഒരു സിഗരറ്റും പുകച്ച് അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു. കാവി ടീഷര്‍ട്ടും നീല ജീന്‍സും. ഞരമ്പുതള്ളിയ കൈകള്‍ കൊണ്ട് ഹാന്‍ഡ്ഷേക്ക്. “ഞാന്‍ ശല്യമാവുന്നുണ്ടോ?” - “എയ് ഇല്ല, സത്യത്തില്‍ എനിക്ക് തിരക്കായിരുന്നു”. ഞങ്ങള്‍ കുറെയേറെ സംസാരിച്ചു. ഒരേ വേവ് ലെങ്ങ്ത് ആണ് - രണ്ടുപേര്‍ക്കും കര്‍ട്ട് കോബയനെ ഇഷ്ടം, ഫ്രെഡി മെര്‍ക്കുറിയെ ഇഷ്ടം, ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടം, ഗസലുകള്‍ കേള്‍ക്കാനിഷ്ടം - ഇതില്‍ കാര്യമൊന്നുമില്ല. നമ്മള്‍ നമ്മെപ്പോലെയുള്ളവരെ കണ്ടെത്തുന്നു, കൂടുകൂടുന്നു. ഞങ്ങള്‍ കുറെ നടന്നു. പാര്‍ക്കില്‍ സംസാരിച്ചു നടന്നുകൊണ്ടിരിക്കേ അയാള്‍ എന്റെ കൈപിടിച്ചു. ഞാന്‍ കൈ വിടുവിച്ചു. ഈ മനുഷ്യന്‍ ശരിയല്ല. ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നും വരുത്താന്‍ പ്രയാസമാണ്. “ജോണ്‍, പോകട്ടെ, ഞാന്‍ ഫോണ്‍ വിളിക്കാം“. “വിളിക്കുമോ?” “തീര്‍ച്ചയായും”. താമസം കച്ചേരിപ്പടിയിലല്ലേ? “അതെ, ബൈ”.
ഒരാഴ്ച്ചയോളം ജോണ്‍ വിളിച്ചില്ല. ഞാനും വിളിച്ചില്ല. ഞാന്‍ ജോണിനെപ്പറ്റി ആലോചിച്ചു, പലതവണ. കുറച്ചുനാള്‍ കാണാതാവുമ്പോള്‍ മറക്കും, എത്രപേരെ മറന്നിരിക്കുന്നു.
5. പവര്‍ക്കട്ട്
ഏഴര മുതല്‍ എട്ടുമണിവരെയായിരുന്നു. വിയര്‍ത്തു. കുളിക്കാനായി ഷര്‍ട്ട് ഊരിയപ്പൊഴാണ് കാളിങ്ങ് ബെല്ലടിച്ചത്. ആരാണ്? ഷര്‍ട്ടിന്റെ കുടുക്കുകള്‍ രണ്ടെണ്ണം ഇട്ടുകൊണ്ട് കതകുതുറന്നപ്പോള്‍ ജോണ്‍ നില്‍ക്കുന്നു. എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടുപിടിച്ചു എന്നു ചോദിച്ചില്ല. “വരൂ, ഇരിക്കൂ”.
he kissed me.
ജോണ്‍ വീണ്ടും പല ദിവസങ്ങളില്‍ പലതവണ ഫോണ്‍ ചെയ്തു. ഞാന്‍ എടുത്തില്ല. ബൂത്തില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. അയാള്‍ പിന്നെ വന്നില്ല.
രണ്ടാഴ്ച്ചകഴിഞ്ഞ് ഞാന്‍ കാനോപ്പിയില്‍ കാപ്പികുടിക്കാന്‍ പോയി. ജോണ്‍ അവിടെ ഉണ്ടായിരുന്നു.
രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ വായ കയ്ച്ചു. ബാത്ത്രൂമില്‍ പോയപ്പോള്‍ മലത്തില്‍ ചോര പൊടിഞ്ഞിരുന്നു. ജോണ്‍ കട്ടന്‍ചായയിട്ടു. “അരുതാത്തത് എന്തെങ്കിലും ചെയ്തെന്ന് തോന്നുന്നുണ്ടോ?” തലപെരുപ്പും മലദ്വാരത്തിലെ വേദനയുമല്ലാതെ എനിക്കൊന്നും തോന്നിയില്ല. ജോണ്‍ ആകെ മൂടിക്കെട്ടിയിരിക്കുന്നു. “വേണ്ടിയിരുന്നില്ല അല്ലേ?” ശരീരത്തില്‍ പലയിടത്തും വേദനിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. ചായയ്ക്ക് രുചി തോന്നിയില്ല. “ജോണ്‍, എനിക്കു കുറച്ച് തിരക്കുണ്ട്, വിരോധമില്ലെങ്കില്‍ പിന്നെക്കാണാം”. ഞാന്‍ കുളിമുറിയില്‍ കയറി, പല്ലുതേച്ചുതുടങ്ങി. കുളികഴിഞ്ഞ് പുറത്തിറങ്ങുമ്പൊഴും ജോണ്‍ സോഫയില്‍ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാളെ ഗൌനിക്കാതെ ഞാന്‍ വസ്ത്രം ധരിച്ചു, പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജോണും പിന്നാലെ ഇറങ്ങി. ഞങ്ങള്‍ അപരിചിതരെപ്പോലെ രണ്ടുവഴിക്കു നടന്നു.
6. കാമുകന്‍
“സ്മോക്കര്‍ സിഗരറ്റിനെ മിസ്സ് ചെയ്യുന്നതുപോലെ - ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു” - അലമാരിയിലെ കണ്ണാടിയില്‍ കറുത്ത മാര്‍ക്കര്‍ കൊണ്ട് അവന്‍ കോറിയിട്ടത് ഷേവിങ്ങ് ലോഷന്‍ ടിഷ്യൂ പേപ്പറില്‍ പുരട്ടി ഞാന്‍ തൂത്തുകളഞ്ഞു. he was a caring lover. രാത്രികളില്‍ ഫ്ലാറ്റില്‍ വന്ന് ജോണ്‍ പാചകം ചെയ്യും. അവന്‍ കരിമീന്‍ പൊള്ളിച്ചാല്‍ അസ്സലാണ്. ഓരോ ഹെയ്നക്കനും പിടിപ്പിച്ച് പുകയുമൂതി ഞങ്ങള്‍ സംസാരിച്ചിരിക്കും, സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അവന്‍ വികാരംകൊണ്ട് സംസാരിക്കും. അകമ്പടിയായി സീഡി പ്ലെയറില്‍ നിന്നും ഗുലാം അലി വിരഹഗാനങ്ങള്‍ പാടും, ഹരിഹരന്‍ ഷരാബ് ലാ, ഷരാബ് ദേ എന്നുപാടും. ഞങ്ങള്‍ പാട്ടുകേട്ട് കുറെ നേരം മിണ്ടാതിരിക്കും, ഇടയ്ക്ക് ഞെട്ടിയെഴുന്നേറ്റ് അവനെന്നെ കെട്ടിപ്പിടിക്കും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുമ്പോള്‍ അവന്റെ മീശരോമങ്ങള്‍ എന്റെ മൂക്കില്‍ കയറി ഞാന്‍ തുമ്മും. എന്റെ വായിലേയ്ക്ക് അവന്‍ നാക്കുകടത്തുമ്പോള്‍ വെറ്റിലയുടെ മധുരമുള്ള കൈപ്പുരസമാണ്. അവന് എന്റെയത്ര ശക്തിയില്ല. ഇറുക്കി കെട്ടിപ്പിടിച്ച് ഞാനവന്റെ എല്ലുകള്‍ ഞുറുക്കും, വളച്ച് കഴുത്തില്‍ കൈകള്‍ കൊണ്ട് പൂട്ടിട്ട് കുനിച്ചുനിറുത്തും. മെത്തയിലേയ്ക്ക് അവനെ ഉരുട്ടിയിടും, കെട്ടിമറിഞ്ഞ് തള്ളി നിലത്തിടും. ഞങ്ങള്‍ തട്ടുകടയില്‍പ്പോയി പറോട്ടയും ഇറച്ചിക്കറിയും കഴിക്കും, ബൈക്കില്‍ നഗരത്തില്‍ കറങ്ങും, ചിലപ്പോള്‍ സെക്കന്‍ഡ് ഷോയ്ക്ക് പോവും, വാരാന്ത്യങ്ങളില്‍ ഫോര്‍ട്ട് കൊച്ചിയിലും പള്ളിയിലും പോവും, പകലത്തെ കൊച്ചിയല്ല രാത്രിത്തെ കൊച്ചി. രാത്രി കൊച്ചിക്ക് ജീവനുണ്ട്, കൊച്ചി പിടയ്ക്കും. പക്ഷേ പകലുകള്‍ മടുത്തുതുടങ്ങി. പകലുകള്‍ എന്തിനാണ്?
കഴിഞ്ഞ ഞായറാഴ്ച്ച പള്ളീലച്ചന്‍ പ്രസംഗത്തില്‍ സോദോമിനെയും ഗൊമോറയെയും കുറിച്ചു സംസാരിച്ചു. ലോത്തിന്റെ പുത്രിമാരെ വേണ്ട, പുത്രന്മാരെത്തരൂ എന്ന് ജനക്കൂട്ടം പറഞ്ഞത്രേ. ദൈവം ഈ നഗരങ്ങളെ നശിപ്പിച്ചുകളഞ്ഞു. സ്വവര്‍ഗ്ഗസ്നേഹികളുടെ നഗരം എന്ന ആശയം എനിക്കു രസകരമായി തോന്നി - സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരു ദൈവം വേണം. പള്ളിയില്‍ നിന്നും പുറത്തേയ്ക്കു നടക്കുമ്പോള്‍ ജോണ്‍ ചോദിച്ചു.
“ഇങ്ങനെയൊക്കെ പോയാല്‍ മതിയോ?”
“മതിയെന്നു തോന്നുന്നു”
“എന്തോ, എനിക്ക് പോര”
“പിന്നെ എന്തുവേണം - കല്യാണം കഴിക്കണോ?”
“ഏയ് വേണ്ട”
“പിന്നെ?”
“എനിക്കൊരു പള്ളീലച്ചനാവണം”
“യൂ ബ്ലഡി ബാസ്റ്റാഡ്” - ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.
7. ദില്ലി
ജോലിചെയ്യുന്ന കമ്പനി എന്നെ മൂന്നാഴ്ച്ചത്തേയ്ക്ക് ദില്ലിയില്‍ വിട്ടു. തണുത്ത ദില്ലി. ജോണ്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഫോണ്‍ ചെയ്യും, ദില്ലി ഓഫീസിലെ മാനേജര്‍ക്ക് മുപ്പതിനടുത്ത് പ്രായം വരും. അവരെ മുന്‍പും കണ്ടിട്ടുണ്ട്, ഇത്തവണ അവര്‍ എന്നെ അത്താഴത്തിനു വിളിച്ചു.അവര്‍ വിവാഹമോചിതയാണ്. മോചിത എന്ന വാക്കിന്റെ അര്‍ത്ഥം സ്വതന്ത്ര എന്നാണെന്ന് അവരുടെ വീട്ടിലെത്തിയപ്പൊഴാണ് മനസിലായത്. ചപ്പാത്തിയും പരിപ്പുകറിയും (ദാല്‍) ചീരക്കറിയും (സര്‍സോം കാ സാഗ്) പിന്നെ മധുരവും. ഒരുപാട് ഉത്സാഹമുള്ള സ്ത്രീയാണ്. ഞങ്ങള്‍ ഇരുവരും വോഡ്ക നുണഞ്ഞു. ഞാന്‍ സ്ത്രീകളുമൊത്ത് അധികം കുടിക്കാറില്ല, വളരെ വേഗം മദ്യം അവരുടെ തലയ്ക്കുപിടിക്കും. “പറയൂ, ഞാന്‍ സുന്ദരിയല്ലേ?” “യെസ്” - ഞാന്‍ പ്രതിവചിച്ചു. അവര്‍ മുടിയഴിച്ചിട്ടു, ഞാന്‍ ജോണിനെ ഓര്‍ത്തു. എപ്പൊഴെങ്കിലും അവര്‍ക്ക് എന്റെ ചലനങ്ങളില്‍ യാന്ത്രികത തോന്നിക്കാണുമോ? അവള്‍ ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. പക്ഷേ ഉറക്കമുണര്‍ന്നപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ചായയുമായി വന്നു. “നല്ല കുട്ടിയായി റെഡിയാവു, ഓഫീസില്‍ പോണ്ടെ?” ജോണിന്റെ മിസ്ഡ് കാള്‍ ഉണ്ടായിരുന്നു - നല്ല ഉറക്കമായിരുന്നു. ഫോണടിക്കുന്ന ശബ്ദം കേട്ടില്ല.
അവള്‍ വീണ്ടും പലതവണ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു. ഞാന്‍ ഓരോന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. കൊച്ചിയില്‍ തിരിച്ചുപോകുന്നതിന്റെ തലേ ദിവസം അവള്‍ എന്നെ ഡിന്നറിനു വിളിച്ചു. ഒരു ടവറിനു മുകളിലെ പരിക്രമ എന്ന കറങ്ങുന്ന റെസ്റ്റാറന്റില്‍ക്കയറി. തിരിച്ച് പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് അവള്‍ കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു, കവിളിലും കഴുത്തിലും ഒരുപാട് ഉമ്മവെച്ചു, ഞാന്‍ തിരിച്ച് റിയാക്ട് ചെയ്തില്ല. അവള്‍ വീണ്ടും കരഞ്ഞു. എന്നെ ഒരുപാട് ഇഷ്ടമാണെന്ന്. ഞാന്‍ പത്തരയോടെ തിരിച്ചുപോയി. അവളുടെ ഫ്ലാറ്റിലേയ്ക്കുചെല്ലാന്‍ അവള്‍ നിര്‍ബന്ധിച്ചില്ല.
8. മടക്കം
നെടുമ്പാശ്ശേരിയില്‍ ജോണ്‍ വന്നില്ല. ഞാന്‍ വിളിച്ചുനോക്കി, അവനെ കിട്ടിയില്ല. രണ്ടുദിവസം കഴിഞ്ഞാണ് അവന്‍ മുറിയില്‍ വന്നത്. വന്നപ്പോള്‍ അവന്‍ ആകെ കലങ്ങിയിരുന്നു.
ദില്ലിയിലെ കാര്യങ്ങള്‍ ഞാന്‍ ജോണിനോട് പറഞ്ഞില്ല. പറയാന്‍ മാത്രം ഒന്നുമില്ല, i didnt feel any emotional attachment. അതൊരു സംഭവമേ അല്ലായിരുന്നു. പക്ഷേ ജോണിന് എന്തോ പറ്റിയിട്ടുണ്ട്.
ജോണിനെ ചൊവ്വാഴ്ച്ച വൈകുന്നേരം കാനോപ്പിയില്‍ വെച്ചു കണ്ടപ്പോള്‍ മെലിഞ്ഞ് പൊക്കമുള്ള ഒരു പുതിയ പയ്യനും അവന്റെ കൂടെയുണ്ടായിരുന്നു - രാഹുല്‍ എന്നെ സംശയത്തോടെ നോക്കി. എന്തോ, എനിക്ക് അധിക സമയം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഞാന്‍ ഇവര്‍ക്കു വിടപറഞ്ഞ് നേരത്തേ പോയി. ജോണ്‍ ഫോണ്‍ വിളിച്ച് ഫ്ലാറ്റ്ലേയ്ക്ക് വരട്ടേ എന്നു ചോദിച്ചു. “വേണ്ട”. ജോണിനെ മേലില്‍ ഒഴിവാക്കണം.
രണ്ടുദിവസം കഴിഞ്ഞ് ജോണ്‍ വാതിലില്‍ മുട്ടി. “ക്ഷമിക്കൂ, ഇനി ആവര്‍ത്തിക്കില്ല, അവന്‍ ആരുമല്ല, സത്യം” - എനിക്കെന്തോ, വിശ്വാസം വന്നില്ല. “എനിക്കു പരാതിയൊന്നുമില്ല. എന്നെ ഒഴിവാക്കിയേക്കൂ”. ജോണ്‍ തലയ്ക്ക് കയ്യും കൊടുത്തിരുന്നു. കുറെ നേരം മിണ്ടാതെയിരുന്നു. “ഇനി മറ്റൊരാളുടെ കൂടെ പോവില്ല, സത്യം”. എനിക്ക് ഇഷ്ടമല്ല. ഇനി മറ്റൊരാളുമായി പോയാല്‍ എന്നെ മറന്നേക്കൂ, you either stay loyal or get out - ജോണ്‍ ആരെയൊക്കെയോ പിടിച്ചാണയിട്ടു, ചുരുണ്ടുകിടന്ന് ഉറങ്ങി. അവന് എന്നെയാണോ എന്റെ ഫ്ലാറ്റാണോ ഇഷ്ടം എന്ന് എനിക്കു സംശയം തോന്നി. ഞാന്‍ അവനെ തൊടാതെ കിടന്നുറങ്ങി. സത്യത്തില്‍ അവന്‍ മറ്റൊരാളുടെ കൂടെ പോവുന്നതില്‍ എനിക്കെന്താണ് ഇത്ര പ്രശ്നം എന്ന് എനിക്കുതന്നെ മനസിലായില്ല. ഒരു ബന്ധം ആവുമ്പോള്‍ അല്പം കമ്മിറ്റ്മെന്റ് ഒക്കെ വേണം എന്ന് ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അതല്ല കാര്യം.
വേറെ ഒരാളെ തിരക്കിപ്പോവണമെങ്കില്‍ ഒന്നുകില്‍ അവന് എന്നെ മടുത്തുകാണണം, പക്ഷേ ഞാനില്ലാതിരുന്ന മൂന്നാഴ്ച്ചത്തെ കാലയളവിലാണ് - ചിലര്‍ക്ക് മനുഷ്യരെ പെട്ടെന്ന് ഇഷ്ടപ്പെടും, പെട്ടെന്നു മടുക്കും. എനിക്കാണെങ്കില്‍ ഒരാളെ ഇഷ്ടപ്പെടുന്നതിനും മറക്കുന്നതിനും സമയം എടുക്കും. അതില്‍ കാര്യമില്ല. അതുമല്ലെങ്കില്‍ അവന് ഈ പറയുന്ന ആത്മാര്‍ത്ഥതയോ കമ്മിറ്റ്മെന്റോ ഇല്ലാതിരിക്കണം. അതുമല്ലെങ്കില്‍ പുതിയ പയ്യന്‍ - രാഹുല്‍ - എന്നെക്കാള്‍ വളരെ നല്ലതായിരിക്കണം. ഈ സാദ്ധ്യതകളൊന്നും എന്നെ വളരെ സഹായിച്ചില്ല.
കാര്യമില്ല. ജീവിതത്തില്‍ ആരൊക്കെ വന്നുപോവുന്നു. ഹൂ കെയേഴ്സ്. എന്തോ, വായില്‍ ഒരു കയ്പ്പ് തങ്ങിനില്‍ക്കുന്നു.
9. അമ്മ
ഒരു വീക്കെന്‍ഡ് വന്നിരുന്നു. പാവം അമ്മ ഫ്ലാറ്റ് വൃത്തിയാക്കി. മേശപ്പുറത്ത് സിഗരറ്റ് കുറ്റികള്‍ കണ്ട് പരാതിയൊന്നും പറഞ്ഞില്ല. അമ്മയുടെ ഒരു കൂട്ടുകാരി മകളുടെ പ്രൊപ്പോസലുമായി വന്നിട്ടുണ്ട്. പതിവുപോലെ പെണ്ണുകെട്ടാന്‍ കുറെ നിര്‍ബന്ധിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. എന്നെക്കുറിച്ച് അമ്മ എന്തൊക്കെയോ ദുസ്വപ്നങ്ങള്‍ കണ്ടത്രേ. എന്താണ് കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല, അമ്മ പറഞ്ഞുമില്ല. രണ്ടുദിവസം താമസിക്കും എന്നാണ് വിചാരിച്ചത്, പക്ഷേ ആഹാരം പാകം ചെയ്ത് അടച്ചുവെച്ച് വൈകുന്നേരത്തോടെ അമ്മ പോയി.
മാസത്തിലൊരിക്കലെങ്കിലും നാട്ടില്‍പ്പോയി അമ്മയെ കാണണം.
10. ദുരന്തം
എനിക്ക് ജോണിനെ ഇഷ്ടമായിരുന്നു, പക്ഷേ ഇതാണോ പ്രേമമെന്ന് എനിക്കറിയില്ല - അത്ര ഉല്‍ക്കടമോ തീക്ഷ്ണമോ ആയ ഒന്നും എനിക്കു ആരോടും തോന്നിയിട്ടില്ല. സ്ത്രീകളോട് വലിയ താല്പര്യം ഒരിക്കലും തോന്നിയിട്ടില്ല. ഇങ്ങോട്ട് താല്പര്യം തോന്നി പലരും വന്നിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലംമുതല്‍ പല പെണ്‍കുട്ടികളും ഇഷ്ടം പലവിധത്തിലും അറിയിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് എന്റെ പേര് അവളുടെ കയ്യില്‍ വരഞ്ഞിട്ടുണ്ട്. എനിക്കൊന്നും തോന്നിയില്ല. പുരുഷ്ന്മാരിലും ചിലരെ മാത്രമേ എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ. ശരീരവടിവും സൌന്ദര്യവും കണ്ടല്ല അവരെ ഇഷ്ടപ്പെട്ടത്. അതിലും ജോണ്‍ മാത്രമേ മനസില്‍ തങ്ങിനിന്നിട്ടുള്ളൂ. ഞാനാരെയും തേടിച്ചെന്നിട്ടില്ല. എല്ലാവരും എന്നെ തേടിവന്നിട്ടേയുള്ളൂ, ജോണും. പക്ഷേ എനിക്കു പങ്കുവെയ്ക്കാന്‍ വയ്യ. ഐ കാണ്ട് ഷെയര്‍. ഇനിയും മറ്റൊരാളുമായി കണ്ടാല്‍ അവനെ കളയുന്നതിന് എനിക്കൊരു മടിയുമില്ല.
രാഹുലിനെ വീണ്ടും കണ്ടു, രാഹുല്‍ എന്റെ ഫ്ലാറ്റിന്റെ മണിയടിക്കുകയായിരുന്നു. ഒരു നിമിഷത്തേയ്ക്ക് എന്റെ തലയിലേയ്ക്ക് രക്തം ഇരച്ചുകയറിവന്നു - അവനെന്തിനാണ് ഇവിടെ?. രാഹുല്‍ ആകെ വിരണ്ടിരുന്നു. “ചേട്ടാ, ആകെ കുഴപ്പമായി, ഞങ്ങള്‍ പാര്‍ക്കിലായിരുന്നു, ജോണിനെ പോലീസ് പൊക്കി. ഞാന്‍ ഓടി. എന്നെ രക്ഷിക്കണം”. ഞാന്‍ അവനെ തുറിച്ചുനോക്കി. കതക് അവന്റെ മുഖത്തേയ്ക്ക് വലിച്ചടച്ചു. ഫ്രിഡ്ജ് തുറന്ന് ഒരുഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. എന്നിട്ട് സാവകാശത്തില്‍ മുടിയില്‍ ജെല്‍ പുരട്ടി. മുഖം കഴുകി മോയ്സ്ചറൈസര്‍ പുരട്ടി, ഉള്ളതില്‍ ഏറ്റവും നല്ല സ്യൂട്ടും ടൈയും ധരിച്ചു. ഷൂസ് പോളിഷ് ചെയ്തു. ഒരു നല്ല വക്കീല്‍ സുഹൃത്തുണ്ട്, അയാളെ വിളിച്ച് കാര്യം പറഞ്ഞു, സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. ഞാന്‍ കാറെടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു പോയി.
കസ്ബ പോലീസ് സ്റ്റേഷന്‍ വേറെ ഒരു കാലത്തിലും സമയത്തിലുമാണ് നില്‍ക്കുന്നതെന്നു തോന്നി. പഴയ കെട്ടിടം, പൂന്തോട്ടത്തിനു നടുവില്‍ പൂക്കള്‍ കൊഴിച്ചുനില്‍ക്കുന്ന ഒരു കണിക്കൊന്ന. ചിതറിക്കിടക്കുന്ന തുരുമ്പിച്ച വാഹനങ്ങള്‍. ഇന്‍സ്പെക്ടറിന്റെ പെരുമാറ്റം വളരെ പോളിഷ്ഡ് ആയിരുന്നു. ഇരിക്കാന്‍ പറഞ്ഞു, ചായ ഓഫര്‍ ചെയ്തു.
“സര്‍, ഞാന്‍ ജോണിനെ ജാമ്യത്തിലിറക്കാന്‍ വന്നതാണ്”
എന്റെ മുഖത്തുനോക്കിക്കൊണ്ട് ഇന്‍സ്പെക്ടര്‍ സ്വരം കര്‍ക്കശമാക്കി. “ജോണ്‍ നിങ്ങളുടെ ആരാണ്?”
“എന്റെ ബ്രദറാണ്” (ആ നിമിഷത്തില്‍ ജോണ്‍ എന്റെ സഹോദരനും അച്ഛനും എല്ലാമായിരുന്നെന്ന് അയാള്‍ക്കെങ്ങനെ മനസിലാവാനാണ്?)
“മിസ്റ്റര്‍___, താങ്കളുടെ സഹോദരന്‍ ചെയ്തതെന്താണെന്ന് അറിയാമോ?”
“പറയണമെന്നില്ല സര്‍, എനിക്കറിയാം. ഇത് ആദ്യത്തെ തവണയല്ല”
“മിസ്റ്റര്‍, നിങ്ങള്‍ സഹോദരനെ സൂക്ഷിക്കൂ. ഒരു ചെറുപ്പക്കാരന്റെ ഭാവി തുലഞ്ഞുപോകാതെ - അവനെ ആരെയെങ്കിലും പിടിച്ച് കെട്ടിക്കൂ. ക്ഷമിക്കൂ, ഞങ്ങളവനെ അല്പം ഉപദ്രവിച്ചിട്ടുണ്ട്”
“സര്‍, ഞാനെവിടെയാണ് ഒപ്പിടേണ്ടത്?”
"ധൃതിപിടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വക്കീല്‍ വരട്ടെ”.
11. കലാശം
കാറിലിരുന്ന് ജോണ്‍ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണും കവിളുകളും കരിവാളിച്ചുകിടന്നു. ഷര്‍ട്ട് ചില സ്ഥലങ്ങളില്‍ ചുവന്നുകിടന്നു. പോലീസുകാര്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കാറില്‍ ചൂളിയിരിക്കുന്ന അവന്റെ കൈത്തലം ഞാന്‍ എന്റെ കയ്യിലേയ്ക്കെടുത്തുവെച്ചു. ഞരമ്പില്‍ വിരല്‍ തട്ടിയപ്പോള്‍ അവന്‍ വേദനകൊണ്ട് കൈ പിന്നോട്ടുവലിച്ചു. ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ അടിവയറ്റിലൂടെ കയ്യോടിച്ചു, ഇക്കിളിയിട്ടു, പാന്‍സിനുള്ളിലേയ്ക്ക് കൈ കടത്തി. വേദനയിലും ഉയര്‍ന്നുനില്‍ക്കുന്ന അവന്റെ ലിംഗത്തെ താലോലിച്ചു. സത്യം, ആ നിമിഷത്തില്‍ ഞാനവനെ പ്രേമിക്കുന്നുണ്ടായിരുന്നു.
എഴുതിയത്
സിമി
സമയം
Friday, February 20, 2009
31
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
2/19/2009
സഹയാത്രിക
കൊല്ലം സ്റ്റാന്‍ഡില്‍ നിന്നും മേഘ തിരുവനന്തപുരത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ വലതുവശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പെയിന്റിളകിയ ജാലകക്കമ്പിയില്‍ ഒരു കൈ ചാരി അമര്‍ന്നിരുന്നപ്പൊഴേയ്ക്കും ബസ്സു വിട്ടു. സ്റ്റാന്‍ഡ് കെട്ടിടത്തിനെ ഒന്നു വലം വെച്ച് ബസ് തിരിഞ്ഞപ്പോള്‍ അഷ്ടമുടിക്കായലും അതിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും കാണാന്‍ പറ്റി. മെയിന്‍ റോഡിലേയ്ക്കുള്ള കയറ്റം കയറുന്നതിനിടയ്ക്ക് കണ്ടക്ടര്‍ മണിയടിച്ച് വണ്ടി നിറുത്തിച്ചു. ഓടിക്കയറിയ യുവതി കിതച്ചുകൊണ്ട് മേഘയുടെ അരികില്‍ വന്നിരുന്നു. മേഘ ചിരിച്ചു. ചുവന്ന സാരിയുടുത്ത ആ യുവതിയുടെ കൈകള്‍ നന്നേ മെലിഞ്ഞിട്ടാണ്. ഇടത്തേ കൈത്തണ്ടയില്‍ പൊന്തിനിന്ന ഞരമ്പുകള്‍ക്കു കുറുകെ കറുത്ത ചരടുകെട്ടിയിട്ടുണ്ട്. ചിന്നക്കട മണിമേട പിന്നിട്ടപ്പോള്‍ അവള്‍ ഒരു പൊതി കടല പുറത്തെടുത്തു. മേഘയുടെ മുഖത്തേയ്ക്ക് സംശയിച്ച് നോക്കി “വേണോ” എന്നു ചോദിച്ചു. മേഘ വേണ്ട എന്നു തലയാട്ടി. രണ്ടുപേരും ചിരിച്ചു. ഒരു മണി കടല വായിലിട്ട് നുണയുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞുവരുന്നത് മേഘ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവള്‍ വീണ്ടും ചിരിച്ചു, മേഘയുടെ നേര്‍ക്ക് പൊതിനീട്ടി. “എന്റെ പേര് സുജ. എങ്ങോട്ടാ?”.
സുജ കൊല്ലത്ത് അണ്ടിയാപ്പീസില്‍ പണിക്കുവന്നതാണ്, ആഴ്ച്ചയിലൊരിക്കല്‍ തിരുവനന്തപുരത്ത് വീട്ടിലേയ്ക്കു പോവും. അവിടെ മോനുണ്ട്, മുത്തശ്ശിയുണ്ട്. മോന്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കനാണ്. അവന് നാളെ പരീക്ഷയാണ്. ഇപ്പൊഴേ തന്നെ വലിയ സ്വപ്നങ്ങളാണ്. സുജ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘയുടെ വിശേഷങ്ങളും ചോദിച്ചു. മേഘ കൂട്ടുകാരിയുടെ കല്യാണത്തിനു പോവുകയാണ്, ഭര്‍ത്താവിന് വരാന്‍ പറ്റിയില്ല, ഒറ്റയ്ക്ക് കാറോടിക്കാന്‍ വയ്യ, അതുകൊണ്ട് ബസ്സില്‍ കയറി. മേഘ സുജയുടെ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചു, സുജ മിണ്ടാതെയായി - അയാള്‍ വീടുവിട്ടുപോയിട്ട് ആറുമാസമായി. “പിണങ്ങിപ്പോയതാണോ?” സുജ ഒന്നും പറഞ്ഞില്ല. പിന്നെ മുറുകിവന്ന മൌനത്തെ മുറിച്ച് തിരിച്ചുചോദിച്ചു - “തമ്പാനൂരിറങ്ങി എങ്ങോട്ടു പോണം? ഓട്ടോ പിടിച്ചു പോവുമോ?”
“ഇല്ല, ഒരു സുഹൃത്തുവരും”
“കാറും കൊണ്ടുവരുമോ?”
“ബൈക്കും കൊണ്ട്” - സുജ തെറ്റിദ്ധരിക്കുമോ എന്ന് മേഘ ഭയന്നപ്പൊഴേയ്ക്കും - “ആഹാ, ബോയ്ഫ്രണ്ടാണോ” എന്ന് അവള്‍ ചോദിച്ചുകഴിഞ്ഞിരുന്നു.
“ഏയ്, ഞാന്‍ കെട്ടിയതാ”. കഴുത്തില്‍ കിടന്ന താലി തെരുത്തുകൊണ്ട് മേഘ തുടര്‍ന്നു, “വിമല്‍ ഒരു സുഹൃത്താണ്, നല്ല സുഹൃത്ത്”.
അരമണിക്കൂര്‍ മുന്‍പുമാത്രം പരിചയപ്പെട്ട ഒരപരിചിതയോട് വേണ്ടാത്തതു പലതും വിശദീകരിക്കേണ്ടി വന്നതിന്റെ അസ്വാസ്ഥ്യത്തില്‍ മേഘ ഒന്നും മിണ്ടാതെ കയ്യിലെ മോതിരം വെറുതേ തിരിച്ചുകൊണ്ടിരുന്നു. വണ്ടി ചാത്തന്നൂര്‍ ബസ്റ്റാന്‍ഡിലേയ്ക്ക് കയറി. ജനാലയില്‍ കൂടി ഹോട്ടലുകാരന്‍ “ചായവേണോ” എന്നു ചോദിച്ചു. മേഘയ്ക്ക് ചായ കുടിക്കണമെന്നുണ്ടായിരുന്നു, സുജയോട് ചായവേണോ എന്നു ചോദിക്കാനുള്ള മടികൊണ്ട് അവളും വേണ്ട എന്നു നിശ്ചയിച്ചു. ബസ്സ് വിട്ടു. “ഞാന്‍ വിമല്‍ ബോയ്ഫ്രണ്ടാണോ എന്ന് വെറുതേ ചോദിച്ചതാ”.
“ഉം”.
“എനിക്കും കൂട്ടുകാരുണ്ടല്ലോ. ഉണ്ണി ഇടയ്ക്ക് വീട്ടില്‍ വരും”.
“എന്തിന്?”
സുജ ചിരിച്ചു. “വെറുതേ. ഉണ്ണി ഭര്‍ത്താവിന്റെ പഴയ കൂട്ടുകാരനാ”.
മേഘയ്ക്ക് ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. ഉണ്ണി ആരായാല്‍ തനിക്കെന്താണ്. എങ്കിലും വെറുതേ ഉപദ്രവിക്കാന്‍ തോന്നി. “ഉണ്ണിയെ ഇഷ്ടമാണോ?”
സുജ മുഖം ചുളിച്ചു, ഒന്നും മിണ്ടാതെ ചിരിച്ചെന്നു വരുത്തി.
“ഉണ്ണിയെ കാണാന്‍ എങ്ങനെയാണ്? മീശയുണ്ടോ?”
സുജ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരുന്നു. അവളുടെ മുഖത്ത് ദേഷ്യമാണോ സന്തോഷമാണോ എന്ന് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു. ഉണ്ണി കാണാന്‍ എങ്ങനെയായിരിക്കുമെന്ന് മേഘ കണ്ണടച്ച് സങ്കല്‍പ്പിച്ചുതുടങ്ങി. സുജയുടെ വീട് - അരണ്ട ഒരോലക്കുടില്‍, വാതില്‍പ്പാളി തുറന്നു കയറുന്നത് കിടപ്പുമുറിയിലോട്ടാണ്, കനത്ത മഴ പെയ്യുന്നു, മുറ്റത്ത് വാഴയും മന്ദാരപ്പൂക്കളും, ഇരുട്ട്, മഴയുടെ വൃത്തത്തില്‍ നിന്നും സുജ അകത്തുകയറുന്നു, ചൂടിക്കട്ടില്‍, പഴയ ഒരു തലയണയില്‍ മുഖമമര്‍ത്തി കാമുകന്‍ പുറംതിരിഞ്ഞുകിടക്കുന്നു. ഉണ്ണിക്ക് ഉറച്ച ശരീരമാണ്, അധികം പൊക്കമില്ല. കയ്യില്ലാത്ത ബനിയനില്‍ നിന്നും ചുരുണ്ട രോമങ്ങള്‍ തള്ളിനില്‍ക്കുന്നു. ചൂടത്ത് അവന്‍ വിയര്‍ക്കുന്നു, വിയര്‍പ്പിന്റെയും മഴയുടെയും ചൂടുള്ള മണം. സുജ ചിരിച്ചുകൊണ്ട് ഹാന്‍ഡ്ബാഗ് ഒരു കസാരയില്‍ വെക്കുന്നു. സാരി തോളിലേയ്ക്ക് കുത്തിയിരുന്ന പിന്ന് ഊരിക്കൊണ്ട് ഇടത്തേ കൈകൊണ്ട് ഉണ്ണിയുടെ തോളില്‍ പിടിക്കുന്നു. ഉണ്ണി മുഖം തിരിക്കുന്നു, ഉണ്ണിയല്ല, വിമല്‍. ഞാന്‍ ബൈക്കും കൊണ്ട് വരുമായിരുന്നല്ലോ. തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ കാത്തുനിന്നതാണല്ലോ”.
മേഘ ഉറക്കമുണര്‍ന്നപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ഉറക്കത്തില്‍ അറിയാതെ തല സുജയുടെ തോളില്‍ ചാഞ്ഞുപോയി. നൂന്ന് ഇരുന്നപ്പോള്‍ സുജയുടെ തോളത്തും വിയര്‍പ്പുപടര്‍ന്നിട്ടുണ്ട്. അവള്‍ ചിരിച്ചു. “ക്ഷമിക്കൂ, ഞാന്‍ ഉറങ്ങിപ്പോയി”.
സുജയും ചിരിച്ചു, “സാരമില്ല”.
“ഉണ്ണിയെ സുജയ്ക്ക് ഇഷ്ടമാണോ?”
“ആഹാ, അതിതുവരെ വിട്ടില്ലേ”
മേഘ ചിരിച്ചു.
“അങ്ങനെ ഇഷ്ടമൊന്നുമില്ല”.
“മോന് എത്ര വയസ്സായി?”
“മോനോ?” പെട്ടെന്നു പതറിയതുപോലെ അവള്‍ പറഞ്ഞു. “അവന്‍ മഹാ ചട്ടമ്പിയാണ്. എട്ടു വയസ്സായി, പക്ഷേ എന്തൊരു വിളച്ചിലാണ്. സ്കൂളില്‍ അടിയുണ്ടാക്കി ദേഹമാകെ ചെളിയാക്കിക്കൊണ്ടു വരും. പക്ഷേ പഠിക്കാന്‍ മിടുക്കനാണ്.. ദേ, കഴക്കൂട്ടം എത്തി. അടുത്ത സ്റ്റോപ്പില്‍ ഞാനിറങ്ങും”
“ഇനിയും കാണാം,”
“കാണാം”
“ഫോണ്‍ നമ്പരുണ്ടോ? ഞാന്‍ ഇടയ്ക്ക് വിളിക്കാം”
“ഇല്ല, നമുക്ക് ഇങ്ങനെ ബസ്സില്‍ വെച്ചു കാണാം”
“എപ്പൊ?”
“കാണാമെന്നേ”
മേഘ ബാഗ് തുറന്ന് ആയിരം രൂപയെടുത്തു. “സുജേ, ഇതിരിക്കട്ടെ. മോന് ഉടുപ്പുമേടിച്ചുകൊടുക്കൂ”
“അയ്യോ സാറേ, വേണ്ട”
“പറ്റില്ല, ഇത് മോനുവേണ്ടിയാണ്”
“സാറേ, അവനു ഷര്‍ട്ടുണ്ടല്ലോ” - മേഘ ചുരുട്ടിയ നോട്ട് സുജയുടെ കയ്യില്‍ തിരുകിവെച്ചു. ഒന്നും മിണ്ടാതെ ശരി എന്നു തലകുലുക്കിക്കൊണ്ട് സുജ എഴുന്നേറ്റു. ബസ്സ് നിന്നു. അവള്‍ പിന്നിലേയ്ക്ക് നടന്ന് ഇറങ്ങിപ്പോയി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ മേഘ വഴിയിലേയ്ക്കു തിരിഞ്ഞുനോക്കിയെങ്കിലും അവളെ കാണാന്‍ പറ്റിയില്ല.
സുജ എന്തിനാണ് തന്നെ സാറേ എന്നു വിളിച്ചതെന്ന് അവള്‍ക്കു മനസിലായില്ല. താന്‍ കൊടുത്ത പൈസ കൊണ്ട് അവള്‍ മോന് ഉടുപ്പുവാങ്ങിച്ചുകൊടുക്കുമോ എന്ന് അവള്‍ ആലോചിച്ചുതുടങ്ങി. ഒരുപക്ഷേ അവള്‍ക്ക് അങ്ങനെയൊരു കാമുകനോ, മോനോ ഒന്നും ഉണ്ടാവുകയില്ലെന്നും എല്ലാം വെറുതേ പറഞ്ഞതാണെന്നും മേഘയ്ക്കു തോന്നി. ആയിരം രൂപ വെറുതേ കളഞ്ഞു എന്ന് ആലോചിച്ചപ്പോള്‍ മേഘയ്ക്ക് തലവേദനിച്ചുതുടങ്ങി. തലവേദന കുറയ്ക്കാനെന്നോണം അവള്‍ കണ്ണ് ഇറുക്കിയടച്ച് ഉറങ്ങാന്‍ ശ്രമിച്ചു.
എഴുതിയത്
സിമി
സമയം
Thursday, February 19, 2009
16
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
1/19/2009
ആണവക്കരാര്‍ - കലാശത്തിനു ശേഷം
ഊര്‍ജ്ജം - ലഭ്യത, പുതിയ കരാറുകള്‍.
ആണവക്കരാറിന്റെ ബഹളങ്ങള്‍ക്കും എതിര്‍പ്പിനും ഒടുവില്‍ കരാര്‍ ഒപ്പുവയ്ക്കലിനും ശേഷം ഇതുവരെയുള്ള പരിണതഫലങ്ങളില്‍ ചിലതാണ് ചുവടെ കൊടുക്കുന്നത്.
ഇന്ത്യയുടെ ഇന്ന് പ്രവര്‍ത്തിക്കുന്ന പതിനേഴ് ആണവ റിയാക്ടറുകള്‍ക്ക് യുറേനിയത്തിന്റെ ദൌര്‍ലഭ്യം മൂലം അവയുടെ ഊര്‍ജ്ജോത്പാദന ക്ഷമതയില്‍ തൂലോം കുറവായി ആണ് (45% - 47% കാര്യക്ഷമതയില്‍) കുറച്ചു വര്‍ഷങ്ങളായി അവ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫ്രാന്‍സില്‍ നിന്നും ന്യൂക്ലിയര്‍ ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യയ്ക്ക് ആദ്യമായി പുറം രാജ്യത്തുനിന്നുള്ള ആണവ ഇന്ധനം ഏപ്രിലില്‍ ലഭിക്കും. (ഫ്രഞ്ച് സര്‍ക്കാരിന്റെ അധീനതയിലുള്ള അരീവ എസ്.എ എന്ന കമ്പനിയുമായി ഇന്ത്യയിലെ എന്‍.പി.സി.ഐ.എല്‍ ആണ് കരാര്‍ ഒപ്പിട്ടത്; 300 ടണ്‍ സമ്പുഷ്ട യുറേനിയം ഇറക്കുമതി ചെയ്യുന്നതിനാണ് തത്വത്തില്‍ അംഗീകാരം). ഈ ഇന്ധനം അഞ്ച് റിയാക്ടറുകളില്‍ ഉപയോഗിക്കും.
ഇന്ത്യയില്‍ ആറ് 1600 മെഗാവാട്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ അരീവ മുന്നോട്ടുവെച്ചു. ഇതില്‍ ചര്‍ച്ചകള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിയാക്ടറുകളാണ് ഇവ. (താരാപൂര്‍ റിയാക്ടറിന്റെ ശേഷി 540 മെഗാവാട്ടും ഇന്ത്യയിലെ മറ്റ് എല്ലാ റിയാക്ടറുകളും 235 മെഗാവാട്ടോ അതില്‍ കുറവോ ആണ്).
എന്‍.പി.സി.എല്‍. അടുത്തിടെ റഷ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവോര്‍ജ്ജ കമ്പനിയായ (ഏക (കുത്തുക) കമ്പനി) ആറ്റംസ്റ്റ്രോയ്‌എക്സ്പോര്‍ട്ടും ആയി ചര്‍ച്ചകള്‍ നടത്തി.
ഇതുവരെ അമേരിക്ക, ഫ്രാന്‍സ്, റഷ്യ, എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവരംഗത്ത് ഉഭയകക്ഷി കരാറുകള്‍ ഒപ്പിട്ടു.
യുറേനിയം ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം ആസ്ത്രേലിയയ്ക്കും രണ്ടാം സ്ഥാനം ഖസാക്കിസ്ഥാനും ആണ്. ഖസാക്കിസ്ഥാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിക്കായി ഉഭയകക്ഷി കരാര്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടക്കുന്നു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് (നുര്‍സുല്‍ത്താന്‍ നസര്‍ബയേവ്) ഈ ജനുവരി 23 മുതല്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യന്‍ റിപ്പബ്ലിക്ക് പരേഡിന് മുഖ്യാതിഥി ഖസാക്ക് പ്രസിഡന്റ് ആണ്. ഈ സന്ദര്‍ശനവേളയില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടും എന്നാണ് പ്രതീക്ഷ.
അമേരിക്കന്‍ കമ്പനികളായ ജി.ഇ, വെസ്റ്റിങ്ങ്ഹൌസ്, തുടങ്ങിയവ ഇന്ത്യയില്‍ ആണവ കരാറുകളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും (ഒരു 60 അംഗ അമേരിക്കന്‍ സംഘം ഇന്ത്യ അടുത്തിടെ സന്ദര്‍ശിച്ചു) റഷ്യന്‍, ഫ്രഞ്ച് കമ്പനികള്‍ക്ക് അമേരിക്കന്‍ കമ്പനികളെ അപേക്ഷിച്ച് ഉള്ള മുന്‍തൂക്കം അവയ്ക്ക് അപകട സുരക്ഷ (Liability Protection) വാഗ്ദാനം ചെയ്യാന്‍ കഴിയുന്നു, എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതിനു കഴിയുന്നില്ല എന്നാണ്. റഷ്യന്‍ കമ്പനിയും ഫ്രഞ്ച് കമ്പനിയും സര്‍ക്കാര്‍ അധീനതയിലുള്ളതാണ്. റഷ്യന്‍, ഫ്രഞ്ച് സര്‍ക്കാരുകളാണ് Liability Protection നല്‍കുന്നത്. എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ സ്വകാര്യ കമ്പനികളാണ്. ഒബാമ ഭരണകൂടം നിയമങ്ങള്‍ മാറ്റുന്നതു വരെയും ഇന്ത്യന്‍ നിയമങ്ങള്‍ മാറുന്നതു വരെയും ഇവര്‍ക്ക് കാത്തിരിക്കേണ്ടി വരും. (ഇതിനു പുറമേ, ഇന്നത്തെ ഇന്ത്യന്‍ ആണവോര്‍ജ്ജ നിയമം അനുസരിച്ച് ഇന്ത്യയില്‍ ആണവോര്‍ജ്ജ രംഗത്ത് സ്വകാര്യ നിക്ഷേപം പാടില്ല). കഴിഞ്ഞ 30 വര്‍ഷത്തില്‍ അമേരിക്കയില്‍ പുതിയ ആണവ റിയാക്ടറുകള്‍ നിര്‍മ്മിച്ചിട്ടില്ല എന്നതും അമേരിക്കന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും.
ഇന്ത്യയില്‍ ആണവ ഉപകരണങ്ങള്‍ (റിയാക്ടറുകള്‍ മുതലായവ) സ്ഥാപിക്കാന്‍ ഇന്ത്യയിലെ എഞ്ജിനിയറിങ്ങ് ഭീമനായ എല്‍. & ടി വെസ്റ്റിങ്ങ്ഹൌസുമായി ധാരണാപത്രം ഒപ്പുവെച്ചു. വെസ്റ്റിങ്ങ്ഹൌസ് കമ്പനിയുടെ 10% ഓഹരി ഖസാക്കിസ്ഥാനും 60% ഓഹരി ജാപ്പനീസ് കമ്പനിയായ തോഷിബയുടെ പക്കലും ആണ്. ഈ കമ്പനിയുടെ ആസ്ഥാനം അമേരിക്കയില്‍ ആണ്.
ബ്രിട്ടീഷ് പ്രതിനിധി സംഘവും കനേഡിയന്‍ സംഘവും ഇന്ത്യയുമായി ആണവ കരാറില്‍ ഒപ്പിടാന്‍ ചര്‍ച്ചകള്‍ക്കായി ജനുവരി 19-നു ഇന്ത്യയില്‍ എത്തുന്നു. ബ്രിട്ടീഷ്, കനേഡിയന്‍ മന്ത്രിമാര്‍ ഈ സംഘങ്ങളിലുണ്ട്. ബ്രിട്ടീഷ് വാണിജ്യ സ്റ്റേറ്റ് സെക്രട്ടറിയായ പീറ്റര്‍ മന്‍ഡേത്സണ്‍ ബ്രിട്ടീഷ് സംഘത്തെ നയിക്കുമ്പോള്‍, അന്താരാഷ്ട്ര വാണിജ്യത്തിനുള്ള കനേഡിയന്‍ മന്ത്രിയായ സ്റ്റോക്ക്വെല്‍ ഡേ ആണ് കനേഡിയന്‍ സംഘത്തെ നയിക്കുന്നത്. (1974-ല്‍ കാനഡ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി നല്‍കിയ സൈറസ് റിയാക്ടറില്‍ നിന്നും ഇന്ധനം എടുത്ത് ആണവോര്‍ജ്ജം നിര്‍മ്മിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് കാനഡ എല്ലാ ആണവോര്‍ജ്ജ സഹകരണവും ഇന്ത്യയുമായി നിറുത്തിവെയ്ക്കുകയായിരുന്നു - ഇന്ത്യ ഈ ആരോപണം നിഷേധിക്കുന്നു). കഴിഞ്ഞ 20 വര്‍ഷമായി പുതിയ റിയാക്ടറുകള്‍ നിര്‍മ്മിക്കാത്ത ബ്രിട്ടനുമായി ഉടനെ വ്യക്തമായ ഒരു കരാര്‍ ഒപ്പിടാനുള്ള സാദ്ധ്യതയില്ല. കാനഡ - 1974-ല്‍ നല്‍കിയ റിയാക്ടറിന്റെ മോഡലുകളാണ് മുന്നോട്ടുവയ്ക്കുന്നത്.
ജനുവരി 28-നു ആസ്ത്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റഡ്ഡ് ഇന്ത്യയിലെത്തുന്നു, എന്നാല്‍ ഇന്ത്യയ്ക്ക് ആണവ ഇന്ധനം വിതരണം ചെയ്യുന്ന കാര്യത്തില്‍ ആസ്ത്രേലിയയിലെ ലേബര്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. (എന്‍.പി.ടി. ഒപ്പുവെയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ ഇന്ധനം നല്‍കില്ല എന്നാണ് ആസ്ത്രേലിയയുടെ നിലപാട്. മുന്‍പ് ചൈനയിലെ ആസ്ത്രേലിയന്‍ സ്ഥാനപതിയായിരുന്ന കെവിന്‍ റഡ്ഡ് നന്നായി മാന്‍ഡറിന്‍ സംസാരിക്കും. ഇദ്ദേഹത്തിന്റെ ചൈനീസ് ചായ്‌വ് ഇന്ത്യാ-ആസ്ത്രേലിയ ആണവ കരാര്‍ ദുഷ്കരമാക്കാം).
ഇന്ത്യയുടെ ഇന്നത്തെ ഊര്‍ജ്ജോത്പാദന ക്ഷമതയായ 140,000 മെഗാവാട്ടില്‍ ആണവോര്‍ജ്ജം 4,120 മെഗാവാട്ട് മാത്രമാണ്. 2012-ഓടെ ഇത് 3,160 മെഗാവാട്ട് കണ്ട് ഉയര്‍ത്താനും, 2020-ല്‍ 20,000 മെഗാവാട്ട് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കാനും എന്‍.പി.സി.ഐ.എല്‍. പദ്ധതിയിടുന്നു. കെ.പി.എം.ജി.യുടെ ഇന്ത്യാ ഔട്ട്ലുക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ആണവോര്‍ജ്ജ ഡിപ്പാര്‍ട്ട്മെന്റ് 2050-ഓടെ 250,000 മെഗാവാട്ട് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു.
ആയുധ വില്പന
ഇന്ത്യ ബോയിങ്ങില്‍ നിന്നും 8 ദീര്‍ഘദൂര സമുദ്ര പര്യവേക്ഷണ വിമാനങ്ങള്‍ (Long range maritime reconnaisance aircraft) വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. 2.1 ബില്യന്‍ ഡോളറിനുള്ള ഈ കരാര് ഇന്ത്യയും അമേരിക്കയുമായി ഒപ്പുവെച്ച ഏറ്റവും വലിയ ആയുധ കരാറാണ്‍. 2012-ല്‍ ഇവ ഇന്ത്യയ്ക്കു ലഭിക്കും. ഇന്ത്യയ്ക്ക് വേണമെങ്കില്‍ 8 വിമാനങ്ങളും കൂടി ഈ കരാര്‍ പ്രകാരം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. (ഇതിനു മുന്‍പ് ഇന്ത്യ ഇത്തരം വിമാനങ്ങള്‍ വാങ്ങിയിരുന്നത് റഷ്യയില്‍ നിന്നും മാത്രമാണ്, ഇന്ന് സര്‍വീസിലുള്ള റഷ്യന്‍ നിര്‍മ്മിത ഇല്യൂഷിന്‍ വിമാനങ്ങളെ വിരമിപ്പിച്ച് ഇന്ത്യ ഇവയെ ഉപയോഗിക്കും). പിന്നാലെ മദ്ധ്യദൂര സമുദ്ര പര്യവേക്ഷണ വിമാനങ്ങളും (medium range maritime reconnaissance - MRMR) ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങിയേക്കും. (ഇതിനുള്ള ടെന്‍ഡറില്‍ നിന്നും യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പിന്‍മാറിയിരുന്നു).
AN/TPQ-37 ആയുധ-സ്ഥാനനിര്‍ണ്ണയ റഡാറുകളും ആറ് ഹെര്‍ക്കുലീസ് സി-130 ജെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങിയിരുന്നു. രണ്ട് ഡസന്‍ കപ്പല്‍ വേധ ഹാര്‍പ്പൂണ്‍ മിസൈലുകള്‍ക്കുള്ള കരാറില്‍ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ എ.കെ. ആന്റണി ഒപ്പുവെച്ചിരുന്നു.
ഏവരും ഉറ്റുനോക്കുന്ന ആയുധ കരാര്‍ ഇന്ത്യ 126 പോര്‍ വിമാനങ്ങള്‍ക്ക് നല്‍കിയ ടെന്‍ഡര്‍ ആണ്. 11 ബില്യണ്‍ ഡോളര്‍ ആണ് ഈ കരാര്‍ തുക. ഇതിനു മത്സരിക്കുന്നത് ബോയിങ്ങ് എഫ്.എ. 18-ഇ, ലോക്ക് ഹീഡ് മാര്‍ട്ടിന്‍ എഫ് - 16, ഇ.എ.ഡി.എസ് യൂറോ ഫൈറ്റര്‍ (യൂറോപ്യന്‍ യൂണിയന്‍), ദസ്സൌള്‍ട്ട് ഏവിയേഷന്റെ (ഫ്രാന്‍സ്) - റാഫേല്‍, റഷ്യന്‍ എയര്‍ ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ മിഗ് 35, സ്വീഡന്റെ ഗ്രിപ്പെന്‍ ഐ.എന്‍, എന്നിവയാണ്. (ഗ്രിപ്പന്‍ സാങ്കേതിക പരീക്ഷണങ്ങളില്‍ പരാജയപ്പെട്ടു, മറ്റുള്ളവയുടെ ഫീല്‍ഡ് ട്രയലുകള്‍ നടക്കുന്നു).
ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ് ലൈന്‍
ഈ പദ്ധതിയില്‍ നിന്നും പാക്കിസ്ഥാന്‍ തന്നെ പിന്മാറിയേക്കും എന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര എണ്ണവിലയുടെ 85 ശതമാനം വിലയ്ക്ക് വാതകം നല്‍കാനാണ് ഇറാനു താല്പര്യം, എനനല്‍ പാക്കിസ്ഥാന് 60%-ത്തില്‍ കൂടുതല്‍ വില നല്‍കാനാവില്ല എന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ഇന്ത്യയ്ക്ക് നല്‍കാനുള്ള വാതകവും തങ്ങള്‍ വാങ്ങാം എന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനുമായി ഉള്ള ബന്ധത്തിലെ വിള്ളല്‍ കാരണം, ഇന്ത്യ പാക്കിസ്ഥാനുമായി വിലപേശലില്‍ ഏര്‍പ്പെടുന്നില്ല. ട്രാന്‍സിറ്റ് ഫീ, ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജുകള്‍, എന്നിവയില്‍ ആയിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തേണ്ടത്. (ഇന്ത്യ ഒരു എം.ബി.റ്റി. യൂണിറ്റിന് 0.20 ഡോളര്‍ വാഗ്ദാനം ചെയ്തപ്പോള്‍ പാക്കിസ്ഥാന്‍ 0.493 ഡോളര്‍ കിട്ടണം എന്ന നിലപാടിലായിരുന്നു). കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനുമായി ഒപ്പിടേണ്ടി ഇരുന്ന കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ബന്ധത്തിലെ ഉലച്ചിലും കാരണം ഇതുവരെ ഒപ്പിട്ടിട്ടില്ല.
ചുരുക്കം
ആണവ കരാറിനു ശേഷം ഇന്ത്യ അമേരിക്കയുടെ അടിമയാകും, തുടങ്ങിയ പ്രചരണങ്ങള്‍ അസ്ഥാനത്താണെന്ന് പറയാന്‍ സാധിക്കും. ഇന്ത്യന്‍ ആണവോര്‍ജ്ജ മാര്‍ക്കറ്റില്‍ അമേരിക്കയ്ക്ക് സിംഹഭാഗവും ലഭിച്ചേക്കാം, എന്നാല്‍ ഇതുവരെയുള്ള ഡീലുകള്‍ ഫ്രാന്‍സ്, റഷ്യ, ഖസാക്കിസ്ഥാന്‍, എന്നിവയുമായി ആണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വര്‍ദ്ധിച്ച ആയുധ സഹകരണത്തില്‍ ആണവ കരാറും ഒരു ഘടകം ആണെന്ന് പറയാന്‍ സാധിക്കും.
എഴുതിയത്
സിമി
സമയം
Monday, January 19, 2009
5
അഭിപ്രായങ്ങള്‍
ലേബലുകള്‍: രാഷ്ട്രീയം
12/13/2008
അംനീഷ്യ

ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്.
കട്ടിത്തലയണകൊണ്ട് മൂക്കും വായും അടച്ചുപിടിച്ച് കൈമുട്ടുകുത്തി മുഖത്തമര്‍ത്തണം, ശക്തിയായി അമുക്കണം, പിടിവിടാതെ പിടഞ്ഞുപിടഞ്ഞ് കൈനഖം കൊണ്ട് ഇര സ്വന്തം ശരീരം വലിച്ചുകീറുന്നതവഗണിച്ച്, കൈത്തണ്ടയില്‍ മരണപ്പിടിത്തം പിടിക്കുന്നതവഗണിച്ച്, തുറിച്ച് പുറത്തുചാടാന്‍ തുള്ളുന്ന ചോരക്കണ്ണുകളെ അവഗണിച്ച് - തലയണ അമര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രാണന്‍ പുറത്തുവരുന്നത് മൂക്കിലൂടെയോ വായിലൂടെയോ? - ആത്മാവ് നീലജ്വാലപോലെ വായുവില്‍ ഉയരാതെ തലയണയിലെ പഴന്തുണികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിക്കാണണം - തലയണ ഞാന്‍ ദൂരെയെറിഞ്ഞു - പിഞ്ഞിയ വിടവിലൂടെ അകത്തുനിന്നും ചുവന്ന പഴന്തുണികള്‍ പുറത്തുചാടുന്നു - നീളുന്ന ചുവന്ന നാവുപോലെ - ഞാന്‍ ശവത്തിന്റെ കൈകാലുകള്‍ നേരെയാക്കി - സ്വാഭാവിക മരണം - എന്തിനാണ് എന്നെ ജയിലിലടച്ചത്?
ഇളംനീല ആസ്ബസ്റ്റോസ് തകിടുകൊണ്ടുള്ള ജയിലിന്റെ പുറംവാതിലില്‍ ഒരു ചുവന്ന ചതുരമുണ്ട്. മീശയുള്ള പോലീസുകാരന്‍ പാളിതാഴ്ത്തി നരച്ച കഷണ്ടിത്തല കാണിച്ചു. കിരുകിരാ ശബ്ദത്തോടെ - എല്ലാ വാതിലുകള്‍ക്കും ഈ ശബ്ദമുണ്ടോ - വാതില്‍ തുറന്ന് ഒരക്ഷരം മിണ്ടാതെ അവര്‍ എന്നെ അകത്തേയ്ക്കു നടത്തി. തന്ന പ്ലാസ്റ്റിക്ക് കൂടുതുറന്ന് ഞാന്‍ നരച്ച വെള്ള വസ്ത്രം ധരിച്ചു. കൈ വിയര്‍ക്കുന്നു, ഷര്‍ട്ടില്‍ തുടച്ചപ്പോള്‍ ചുവന്ന നിറം പുരണ്ടു. എനിക്കിനി പേരില്ല, നമ്പറേയുള്ളൂ. നമ്പര്‍ 666.
ജയിലിന്റെ നടുവില്‍ പൊള്ളുന്ന വെയിലാണ്. വെയിലിനു നടുവില്‍ ഒരു ചതുരം. അതില്‍ പറ്റംകൂടിനില്‍ക്കുന്ന കണ്ണുകള്‍ - ക്ഷീണിച്ച കണ്ണുകള്‍, കൂര്‍ത്ത കണ്ണുകള്‍, വിരണ്ട കണ്ണുകള്‍, മയങ്ങുന്ന കണ്ണുകള്‍, കുഴിഞ്ഞ കണ്ണുകള്‍, ചിരിക്കുന്ന കണ്ണുകള്‍, നിലവിളിക്കുന്ന കണ്ണുകള്‍, തുറിച്ച കണ്ണുകള്‍, അലറുന്ന കണ്ണുകള്‍ എന്നെ നോക്കുന്നു. കൊലപ്പുള്ളിയാണ്. തലയണകൊണ്ടു ഞെരിച്ചുഞെരിച്ച്, പ്രാണന്‍ പിഴിഞ്ഞുപിഴിഞ്ഞ് - ആരാണ് ഇടതുകയ്യില്‍ ഇറുക്കിപ്പിടിച്ച് എന്നെ നടത്തുന്നത്? - കഫവും രക്തവും തലയണയില്‍ കട്ടിപിടിച്ചുകിടന്നു - എന്റെ മുറി - ലോക്കപ്പ് - സെല്ല് - ചതുരം - ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുട്ട് ഇടതുവശത്താണ്. പോലീസുകാരന്‍ കൈത്തണ്ടയിലെ ലോഹപ്പൂട്ട് ഊരി, സ്വതന്ത്രമായ കൈകള്‍ പിടഞ്ഞു. മുറിക്കുള്ളിലെ ഇരുട്ടില്‍ കണ്ണു പഴകി, തണുത്ത നിലം. രണ്ടു കട്ടില്‍. ഒന്നില്‍ എനിക്കുള്ള പുതപ്പ്, പഴകിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം, ഭക്ഷണത്തിനുള്ള പാത്രം, മൂത്രമൊഴിക്കാനുള്ള പാത്രം - മറ്റേതില്‍ പറ്റെവെട്ടിയ വെള്ളത്താടിയുള്ള വൃദ്ധന്‍ ചിരിക്കുന്നു. ഇത് ജയിലാണ്. ലോഹക്കൂടാണ്. അഴികളാണ്, പാരതന്ത്ര്യമാണ് - വൃദ്ധന്‍ ചിരിക്കുന്നു. ഞാന്‍ ഇരുന്നു. “എന്താ അമ്മാവന്റെ പേര്?”
“പേരോ? എനിക്കറിയില്ല മോനേ”
“ഉം”.
ഇരുമ്പഴികളോട് ചേര്‍ന്ന് പേടിപിടിച്ച കണ്ണുകളുള്ള മെലിഞ്ഞ കുറിയ മനുഷ്യന്‍ ഒട്ടിനിന്നു. “അങ്ങോരുടെ പേര് ശങ്കരന് പിള്ള. പഴയ കൊലപ്പുള്ളിയാ. ഒന്നും ഓര്‍മ്മയില്ല”. അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു. വെളുത്ത നിഷ്കളങ്കമായ ചിരി. പാല്‍പ്പുഞ്ചിരി. “മോന്റെ പേരെന്താ?”. ചെവിതുളയ്ക്കുന്ന മണിയടിച്ചു. പോലീസുകാരന്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. ശങ്കരന്‍ പിള്ള പുറത്തിറങ്ങിയില്ല. നോക്കിയപ്പോള്‍ വീണ്ടും ചിരിച്ചു. നടുമുറ്റത്ത് ആള്‍ക്കൂട്ടം. കൂട്ടം കൂടി നില്‍ക്കുന്നവര്‍ മാറിമാറി ഒരാളുടെ ചെകിടത്ത് അടിക്കുകയാണ്. അടികൊണ്ടയാള്‍ വീഴുന്നു, എഴുന്നേല്‍ക്കുന്നു, അടിച്ചവരും അടികൊണ്ടവനും ചിരിക്കുന്നു. വീണ്ടും അടിക്കുന്നു. ഞാന്‍ അരികത്തുചെന്നപ്പോള്‍ അവര്‍ അടി നിറുത്തി. അടികൊള്ളുന്നവന്‍ ചെവിട് തടവിത്തടവി വേച്ചുവേച്ചു വന്നു. “ഇതൊക്കെയല്ലേ ഇവിടത്തെ ഒരു സന്തോഷം. ചേട്ടന് എന്നെ അടിക്കണോ?”
അടിക്കണോ? കയ്യില്‍ ചോരയാണ്. തലയണ കുതിര്‍ന്നുപോയി. വിരലുകള്‍ ഒട്ടുന്നു. കാലുകള്‍ പിടഞ്ഞുകുതിച്ച്, ശരീരം വില്ലുപോലെ വളഞ്ഞ്, നിവര്‍ന്ന്, കരയില്‍ പിടിച്ചിട്ട വെളുത്ത മത്സ്യം പിടച്ചുപിടച്ച്, പിടിവിടരുത്, വിടരുത്, വിടരുത് - വീണ്ടും മണിയടിച്ചു. പേടിപിടിച്ച കണ്ണുകള്‍ വീണ്ടും അടുത്തുവന്നു.
“എന്റെ പേര് ബാബു. കൊലപ്പുള്ളിയാണല്ലേ”.
“അതെ”.
“എങ്ങനെയാ കൊന്നത്?”
“ശ്വാസം മുട്ടിച്ച്”
“ഉവ്വോ, നിങ്ങടെ സെല്ലില്‍ കിടക്കുന്ന ശങ്കരന്‍ പിള്ളയും അങ്ങനെതന്നെയാ ഇതിനകത്തെത്തിയത്. പത്തു മുപ്പത് കൊല്ലമായി. അയാളുടെ കാര്യം സാറമ്മാര്‍ മറന്നുപോയി. അയാളും മറന്നുപോയി. അയാള്‍ എല്ലാം മറന്നുപോയെന്നേ. ഒരു തരം കൂടിയ മറവി. വല്ലൊ മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കാമായിരുന്നു”
ബാബു പോയി. ഇരുമ്പഴികള്‍ തുരുമ്പുപിടിച്ചിരിക്കുന്നു. രണ്ടെണ്ണം പിടിച്ച് വളയ്ക്കാന്‍ നോക്കി - ബലമുണ്ട്. അവയില്‍ പല കൈപ്പാടുകളും അമര്‍ന്നുകിടക്കുന്നു. മുകളില്‍ മച്ചിനോട് ചേര്‍ന്ന് ഒരു ചെറിയ കിളിവാതിലേയുള്ളൂ. സെല്ലിനുള്ളിലെ വായു ഉള്ളില്‍ തന്നെ വട്ടം കറങ്ങുന്നു. പുറത്തുപോവാനാവാതെ കട്ടപിടിക്കുന്നു. മൂത്രത്തിന്റെ നേര്‍ത്ത ഗന്ധമുണ്ട്. മൂക്കും വായുമമര്‍ത്തി ശ്വാസം മുട്ടുമ്പോള്‍ മൂത്രം പോവും. ചോര ഒട്ടുന്നു. കൈ കഴുകണം. ഞാന്‍ കമ്പിയഴിയില്‍ പാത്രം കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി. പുറത്തുപോവണം. തിരിഞ്ഞുനോക്കിയപ്പോള്‍ കിഴവന്‍ കിടന്നുകൊണ്ട് ചിരിക്കുന്നു. ചുണ്ടനക്കി ചോദിക്കുന്നു. “ആരാ?”. നേരത്തേ ഞാന്‍ മുറിയിലെത്തിയത് കിഴവന്‍ മറന്നുപോയിരിക്കുന്നു. എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ - ഓര്‍മ്മക്കുറവ് എന്തൊരനുഗ്രഹമാണ്.
കൈ സോപ്പിട്ട് കഴുകിയിട്ടും ചോര ഒട്ടുന്നു. ഒരു വിധത്തില്‍ തുടച്ച് ഞാന്‍ മുറിയിലെത്തി. കിഴവന്‍ കട്ടിലില്‍ കുന്തിച്ചിരിക്കുന്നു. കൈകളിലെ തളര്‍ന്ന ഞരമ്പുകള്‍ക്ക് നേര്‍മ്മ. വിരിഞ്ഞ നെറ്റിയില്‍ വെള്ളിരോമങ്ങള്‍. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട. “അമ്മാവാ, നിങ്ങള്‍ക്ക് വീട്ടിലാരുമില്ലേ?”
“ഞാനിവിടെയാ താമസം മോനേ”
“ആരുമില്ലേ വിളിച്ചോണ്ടുപോവാന്‍?”
“എനിക്ക് ആരെയും അറിയില്ല”
ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. കണ്ണുകളടയ്ക്കുമ്പോള്‍ തലയ്ക്കകത്ത് മുറി. മങ്ങിയ വെളിച്ചത്തില്‍ ചുവന്ന നിറത്തില്‍ ഒരു ശരീരം കിടന്നു പിടയുന്നു. ഓര്‍മ്മകളാണ്. കഴുകിക്കളയണം. ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കി കുളിക്കണം. ഉറങ്ങണം - എത്ര ദിവസമായി എന്നറിയില്ല. കണ്ണുകള്‍ തൂങ്ങുന്നു. വീണ്ടും കിഴവനെ നോക്കി. അയാള്‍ എന്നെ കണ്ടിട്ടില്ലാത്തതുപോലെ അമ്പരന്നു നോക്കി. “ആരാ?”
“കിഴവാ, നിങ്ങളുടെ നാടെവിടെയാ?”
“എനിക്കറിയില്ല മോനേ”
“നിങ്ങളുടെ മക്കളുടെ പേരെന്താ?”
“മക്കളോ?”
“നിങ്ങള്‍ക്കൊന്നും ഓര്‍മ്മയില്ലേ?”
“ആരാ?”
പുറത്തുപോവാത്ത ശ്വാസം എവിടെയാണ് കുടുങ്ങിക്കിടക്കുക? തൊണ്ടയിലോ? നെഞ്ചിന്‍കൂടിലോ? എല്ലാം മറക്കണം, ഉറങ്ങണം, ഉറങ്ങണം. പാറാവുകാരില്‍ ആരോ ലൈറ്റ് അണച്ചു. മുറിയിലെ സീറോവാട്ട് ബള്‍ബ് മാത്രം അണയാതെ കിടന്നു. അതിന് ചുവട്ടില്‍ ഒരു പല്ലി പ്രതിമപോലെയിരിക്കുന്നു. പല്ലിക്കണ്ണുകള്‍ അനങ്ങുന്നില്ല. ചത്ത പല്ലി ചുമരില്‍ ഒട്ടിയിരിക്കുമോ? അതോ റബ്ബര്‍ പിടിത്തം വിട്ട് നിലത്തേയ്ക്ക് അടര്‍ന്നുവീഴുമോ? ചാരനിറമുള്ള ഒരു പ്രാണി ലൈറ്റിനു ചുറ്റും പറക്കുന്നു. പൊടിപിടിച്ച ചിറകുകള്‍ വീശി വായുവില്‍ അസമവൃത്തങ്ങള്‍ വരച്ച് അത് ചുമരിലൊരിടത്തിരുന്നു. നനുത്ത മുഖമുയര്‍ത്തി പ്രാണി പല്ലിയെ നോക്കി. ശിശുവിനെപ്പോലെ ചിരിച്ചു. പല്ലി അനങ്ങിയില്ല. പ്രാണിയുടെ വെള്ളിത്താടി വിറച്ചു. അതിന്റെ വെള്ളപ്പിരികങ്ങള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട വിറച്ചു. പല്ലി നിശബ്ദമായി ചോദിച്ചു. “നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ?”
പ്രാണി ചിറകുകള്‍ കുടഞ്ഞു. വീണ്ടും ചിരിച്ചു. “ഇല്ലല്ലോ. എനിക്കൊന്നും ഓര്‍മ്മയില്ല. ഇന്നലെ ഓര്‍മ്മയില്ല. ഇന്ന് ഓര്‍മ്മയില്ല. നിന്നെ ഓര്‍മ്മയില്ല. ഒന്നും ഓര്‍മ്മയില്ല. ഓര്‍ക്കാതിരിക്കുന്നത് എന്തൊരു സുഖമാണ്!”
പല്ലിയുടെ തലച്ചോറില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു. ഓര്‍ക്കാതിരിക്കുന്നതിന്റെ സുഖം. ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതിന്റെ സുഖം. മറവിയുടെ സുഖം. കഴുത്തില്‍ കൈക്കുഴയമര്‍ത്തുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് - പല്ലിയുടെ കണ്ണുകള്‍ കുഴഞ്ഞു. പല്ലിക്ക് ഉറക്കമില്ല. പ്രാണി വീണ്ടും ചിരിച്ചു. മിന്നല്‍ പോലെ പല്ലിയുടെ നാവു ചലിച്ചു, കൂര്‍ത്ത അരിപ്പല്ലുകള്‍ക്കിടയിലിരുന്ന് പ്രാണി പിടഞ്ഞു, ചിറകുകളില്‍ നിന്നും വേര്‍പെട്ട്, കാലുകളില്ലാതെ, ഉടലില്ലാതെ, പ്രാണിത്തല ചിരിച്ചു, അതിലെ വെള്ളിരോമങ്ങള്‍ എഴുന്നുനിന്നു, “എനിക്കൊന്നും ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ”.
ഓര്‍മ്മകളില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി.
കമ്പിയഴികളില്‍ക്കൂടി അകത്തുകടന്ന പ്രഭാതത്തില്‍ ജയിലിലെ സെല്ലില്‍ ഇരുമ്പുകട്ടിലില്‍ വൃദ്ധന്‍ ചത്തുകിടന്നു. ഒന്നുമറിയാതെ, ഉറക്കത്തില്‍ സംഭവിച്ച സ്വാഭാവിക മരണം. വായില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ കഫവും രക്തവും മെത്തയിലേയ്ക്കു പടര്‍ന്നുകിടന്നു. മഞ്ഞനിറമുള്ള നരച്ച തലയണ രക്തത്തില്‍ക്കുതിര്‍ന്ന് അല്പം മാറി നിലത്തുകിടന്നു.
ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്. ശങ്കരന്‍ പിള്ള എന്ന കിഴവനെ.
എഴുതിയത്
സിമി
സമയം
Saturday, December 13, 2008
16
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
11/12/2008
പോത്ത്
ഒരു കഥ - ചിന്തയില്‍ വായിക്കു.
എഴുതിയത്
സിമി
സമയം
Wednesday, November 12, 2008
8
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
10/26/2008
കക്കയം
കോഴിക്കോട് നഗരത്തില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. ഡാമിലേയ്ക്ക് പോകുന്ന വഴി കാടാണ്. ഇടതുവശത്തായി ആകാശം മറച്ചുനില്‍ക്കുന്ന വന്മരങ്ങളുടെ ഇടയില്‍ അല്പം അകത്തേയ്ക്കു ചെന്നാല്‍ ഒരു ചെറിയ കെട്ടിടം കാണാം. അതാണ് കക്കയം കാമ്പ്. ആളനക്കം കുറഞ്ഞ ഒരു പഴയ കെട്ടിടം. അത്രയേ ഉള്ളൂ.
തുരുമ്പുപിടിച്ച ഗേറ്റ് കടക്കുമ്പോള്‍ ചീഞ്ഞ ഇലകളുടെ പതുപതുപ്പും മണവുമുള്ള ഇടവഴി കെട്ടിടത്തിലേയ്ക്കു നീളുന്നു. വലിയ വളപ്പില്‍ ഉയര്‍നുനിന്ന മഹോഗണിമരങ്ങളുടെ പുറമ്പട്ടകളില്‍ മുറിവടയാളങ്ങളില്ല. പാതയില്‍ പൊട്ടിയ ചെരുപ്പുകളോ തുരുമ്പിച്ച വാക്കത്തികളോ കിടക്കുന്നില്ല. കെട്ടിടത്തിന്റെ വിളറിയ മഞ്ഞച്ചായമടിച്ച ചുമരില്‍ ചുമരില്‍ ചോര പുരണ്ടിട്ടില്ല. ചുറ്റും സൌന്ദര്യമാണ്. സ്റ്റേഷനു മുന്‍പിലെ പൂന്തോട്ടത്തില്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു. അല്പം ദൂരെയായി ചക്രങ്ങളില്ലാതെ തുരുമ്പിച്ചുകിടക്കുന്ന പോലീസ് വാഹനത്തിന്റെ അസ്ഥികൂടത്തില്‍ പടര്‍ന്നുകയറിയ മുല്ലവള്ളികള്‍ പൂത്തുനില്‍ക്കുന്നു. മഞ്ഞ് മേഘം പോലെ കെട്ടിടത്തെ ചൂഴ്ന്നുനില്‍ക്കുന്നു. ഇന്‍സ്പെക്ടറുടെ മുറി പുറത്തുനിന്നും താഴിട്ട് പൂട്ടിയിരിക്കുന്നു. അതിനു മുന്‍പില്‍ ഒരു പീഠത്തില്‍ പാറാവുകാരന്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു.
ക്രമമായ ശ്വാസോച്ഛ്വാസത്തില്‍ പാറാവുകാരന്റെ കൊമ്പന്മീശ വിറയ്ക്കുന്നുണ്ടായിരുന്നു. സുനില്‍ ചുമച്ചു. ഞങ്ങളെ നോക്കാന്‍ തുറന്ന പാറാവുകാരന്റെ കണ്ണുകള്‍ അകത്തേയ്ക്ക് കുഴിഞ്ഞ് പീളകെട്ടിയിരുന്നു. തുരുമ്പുപിടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ഏമാന്‍ സ്ഥലത്തില്ല. നാളെ വാ”.
“സര്‍, ഞങ്ങള്‍ പത്രത്തില്‍ നിന്നാണ്. ക്യാമ്പ് ഒന്നു ചുറ്റി കണ്ടോട്ടേ?”.
“നാളേ വരൂ, ഇന്ന് പറ്റില്ല”.
സുനില്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ നിന്നും വിത്സ് പാക്കറ്റ് പുറത്തെടുത്തു. പോലീസുകാരന് നേരേ നീട്ടിയ സിഗരറ്റ് അയാള്‍ വാങ്ങിയെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചതേയുള്ളൂ. സിഗരറ്റ് കത്തിക്കാന്‍ ലൈറ്ററില്ല. “സര്‍, തീപ്പട്ടി കാണുമോ?”
പോലീസുകാരന്‍ അലോസരത്തോടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പാന്‍സിന്റെ മുന്‍പോക്കറ്റില്‍ നിന്നും മഞ്ഞ ലേബലൊട്ടിച്ച തീപ്പട്ടി പുറത്തെടുത്തു. അത് തുറന്ന് കത്തിക്കാനായി കൊള്ളിയെടുത്ത നിമിഷത്തില്‍ എല്ലുദ്രവിപ്പിക്കുന്ന നീണ്ട നിലവിളി കെട്ടിടത്തിനുള്ളില്‍ നിന്നുയര്‍ന്നു. അതിന്റെ ആവൃത്തിയില്‍ കെട്ടിടത്തിന്റെ ചുമരില്‍ തൂങ്ങിനിന്ന പഴയ കലണ്ടര്‍ വിറച്ചു. തുടങ്ങിയതുപോലെതന്നെ നിലവിളി പൊടുന്നനെ നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പോലീസുകാരന്‍ സിഗരറ്റിനു തീ കൊളുത്തി, കത്തുന്ന കൊള്ളി സുനിലിന് നേര്‍ക്കുനീട്ടി. മരവിച്ചുനിന്ന സുനില്‍ ഞെട്ടിയതുപോലെ പെട്ടെന്ന് സിഗരറ്റ് കത്തിച്ചു. “അതാരുടെ ശബ്ദമാണ്?”. “ആ, ചത്തുപോയ ഏതോ ഒരു - നിങ്ങള്‍ പോണം”. സുനിലിന്റെ കണ്ണുകള്‍ ശൂന്യമായി. പോലീസുകാരന്‍ സിഗരറ്റ് ചുണ്ടുകൊണ്ട് കടിച്ചുപിടിച്ച് സാവധാനത്തില്‍ അകത്തേയ്ക്കു വലിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഒഴുകി തണുത്ത അന്തരീക്ഷത്തില്‍ കെട്ടിനിന്നു. “ആരാണ് സര്‍?”. “ആ, ഏതോ ഒരുത്തന്‍. അവനൊന്നും തന്തയുമില്ല, തള്ളയുമില്ല, പേരുമില്ല. പോണം മിസ്റ്റര്‍”.
ഗേറ്റു കടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പാറാവുകാരന്‍ ചുമരില്‍ ചാഞ്ഞിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. മഞ്ഞും മരങ്ങളും കെട്ടിടവും ഉറങ്ങുന്നുണ്ടായിരുന്നു.
എഴുതിയത്
സിമി
സമയം
Sunday, October 26, 2008
15
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
10/22/2008
മരണത്തിന്റെ വക്കില്‍ നിന്നും ഒരു യുവതി രക്ഷപെടുന്നു
കഴിഞ്ഞ ഈദ് അവധിയ്ക്ക് ഞങ്ങള്‍ രണ്ടുപേര്‍ ഒമാനില്‍ പോയി. മസ്കറ്റില്‍ താമസിക്കുന്ന കൂട്ടുകാരനുമൊത്ത് ഒമാനിലെ ഒരു വലിയ പ്രദേശമാകെ മൂന്നു ദിവസം ഞങ്ങള്‍ ഡ്രൈവ് ചെയ്തു. തിവി എന്ന കടലോര ഗ്രാമം, സൂര്‍ എന്ന പുരാതന തുറമുഖനഗരം, വലിയ കടലാമകള്‍ മുട്ടയിടാന്‍ വരുന്ന റാസ് അല്‍-ജിന്‍സ് എന്ന സംരക്ഷിത തീരം, വാദി അല്‍-കബീര്‍ എന്ന സുന്ദരമായ കാട്ടുറവ, വാദി ബനി-ഖാലിദ്, നിസ്വ എന്ന പഴയ നഗരവും കോട്ടയും, ഇതെല്ലാം ആസ്വദിച്ച് ഒടുവില്‍ ജബല്‍-ഷംസ് എന്ന മലയുടെ അടിവാരത്തിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2900 മീറ്റര്‍ ഉയരമുള്ള ഈ മല ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭൂപ്രദേശമാണ്. 4-വീല്‍ ഡ്രൈവ് വാഹനങ്ങളെ മാത്രമേ മുകളിലേയ്ക്ക് കടത്തിവിടുകയുള്ളൂ. അത്രയും ചരിവു കൂടിയ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ഞങ്ങള്‍ മലമുടിയിലേയ്ക്ക് വണ്ടിയോടിച്ചു. മുകളില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തിട്ട് നടന്നുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടുകാരെക്കാള്‍ പിറകിലായി. മലയിടുക്കുകളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍, ചെങ്കല്‍ വീടുകള്‍, കാട്ടാടുകള്‍, ഇവയ്ക്കിടയിലൂടെ നടന്ന് ഒരു കൊക്കയുടെ അടുത്തെത്തി. ഒരു ചെറിയ കരച്ചില്‍ കേള്‍ക്കുന്നതുപോലെ.
ഞാന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് നടന്നു. ഒരു യുവതി കൊക്കയുടെ വക്കില്‍ നിന്ന് കരയുകയാണ്. ആത്മഹത്യ ചെയ്യാന്‍ വന്നതാവണം. ധൈര്യമില്ലാതെ ചാടാനും വയ്യ, തിരിയാനും വയ്യ എന്ന അവസ്ഥയിലാണ്. എനിക്കു വിചിത്രമായി തോന്നിയത് അല്പം വട്ടമുഖമുള്ള ഈ പെണ്‍കുട്ടി ഒരു കസവുസാരി ഉടുത്തിരിക്കുന്നു എന്നതാണ്. കയ്യിലും കാതിലും അലങ്കാരങ്ങള്‍ അണിഞ്ഞിട്ടുണ്ട്, സുന്ദരിയാണ് - ഈ പ്രവാസഭൂമിയില്‍, വരണ്ട ലോകത്തിന്റെ ഒരു കോണില്‍, ഓണം കേറാമൂലയില്‍ ഒരു മലയാളി യുവതി - ഈശ്വരാ, ആരെങ്കിലും ചതിച്ചിട്ടുപോയതാവണം. പല ക്രൂരകഥകളും എന്റെ മനസിലെത്തി. ഇവള്‍ ഈ കൊക്കയില്‍ നിന്ന് - നിമിഷങ്ങള്‍ മാത്രം അകലമുള്ള ദുരന്തം മനസില്‍ കണ്ട് ഞാന്‍ നടുങ്ങി.
“എന്താ ഈ കാണിക്കുന്നത്? അബദ്ധം കാണിക്കാതെ, തിരിച്ചുവരൂ”.
കരച്ചില്‍ കൂടിയതേ ഉള്ളൂ.
ഞാന്‍ കുറെ നേരം എന്തൊക്കെയോ പറഞ്ഞു. പെണ്‍കുട്ടികളെ പറഞ്ഞുമയക്കുന്നതിന് ഒരു മര്‍മ്മം ഉണ്ട്. അതെനിക്കറിയാം. എന്നിട്ടും അവള്‍ മനസു തുറക്കുന്നില്ല; ഞാന്‍ പറയുന്നതെല്ലാം നിശബ്ദം കേട്ടുകൊണ്ട് നില്‍ക്കുന്നതേയുള്ളൂ. കുറെ നേരത്തിനു ശേഷം ഇമ്പമുള്ള സ്വരത്തില്‍ ഇത്രമാത്രം ചോദിച്ചു. “നിങ്ങള്‍ ആരാണ്?”
“ഞാനോ? ഞാനാരുമല്ല - അല്ല, ഞാനൊരു കഥാകൃത്താണ്”.
ഇതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ക്ക് കഥകള്‍ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലെവിടെയോ പൊള്ളി. തോള്‍സഞ്ചിയില്‍ നിന്നും ഞാനെന്റെ പുസ്തകം പുറത്തെടുത്തു. “താഴെ വരൂ, ഞാനെഴുതിയ കഥകള്‍ വായിച്ചുതരാം”.
അവള്‍ മടിച്ചുനിന്നു. ഒടുവില്‍ നീട്ടിക്കൊടുത്ത വിരല്‍ത്തുമ്പുപിടിച്ച് താഴെയിറങ്ങി. മലഞ്ചരുവിലിരുന്ന് ഞാനവള്‍ക്കു കഥകള്‍ വായിച്ചുകൊടുത്തു.
സുഹൃത്തുക്കളേ, ഞാന്‍ പുസ്തകം ഇറക്കിയതുകൊണ്ടു മാത്രം രക്ഷപെട്ട ആ പെണ്‍കുട്ടി മറ്റാരുമല്ല, മലയാള സാഹിത്യമായിരുന്നു.
എഴുതിയത്
സിമി
സമയം
Wednesday, October 22, 2008
14
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
10/21/2008
കാമം (ആമുഖം)
വീടിനു പിറകില്‍ ആകെ എട്ടുസെന്റ് സ്ഥലമേയുള്ളൂ. മൂന്നുചുറ്റും ചുടുകട്ട കെട്ടി തിരിച്ച വളപ്പ് മൊത്തം കാടാണ്. രണ്ട് മാവും ആറ് തെങ്ങുകളും നില്‍പ്പുണ്ടെങ്കിലും ഒന്നിനും അടുത്തെത്താന്‍ വയ്യാതെ കാടുപിടിച്ചു കിടന്നതുകൊണ്ടാണ് വെട്ടിത്തെളിക്കാന്‍ ആളെ വിളിച്ചത്.
രാജീവിന് വേണമെങ്കില്‍ തനിയേ വെട്ടിത്തെളിക്കാവുന്നതേ ഉള്ളൂ. പക്ഷേ പറയുന്നത് അവിടൊക്കെ പാമ്പ് കാണുമെന്നാണ് - കള്ളനാണ്; അധികം മേലനങ്ങുന്ന ജോലിയൊന്നും രാജീവ് ചെയ്യാറില്ല. അവധി ദിവസങ്ങള്‍ ഉറങ്ങിയും മാസിക വായിച്ചും ടി.വി. കണ്ടും തീര്‍ക്കാനുള്ളതാണെന്നാണ് മൂപ്പരുടെ വിചാരം. മുപ്പത്തിനാലു വയസ്സിലേ വയറ് കുടം പോലെയായി. നിധിയ്ക്ക് മോനെ നോക്കണം. വീട്ടിലെ ജോലികള്‍ ചെയ്യണം. എന്നിട്ടും തടിവെച്ചിട്ടുണ്ട് - കൊഴുത്തിട്ടുണ്ട് എന്നു പറയുന്നതാവും ശരി. കണ്ണാടിക്കു മുന്നില്‍ നിന്ന് വലിപ്പം വര്‍ദ്ധിച്ച കവിളുകളിലും മുലകളിലും ഇടുപ്പിലും തുടകളിലും പഴയ സൌന്ദര്യം തിരയുമ്പോള്‍ അവള്‍ക്ക് വിഷമമാണ് - രാജീവേട്ടന്‍ പെണ്ണുകാണാന്‍ വന്ന് ഒന്നേ നോക്കിയുള്ളൂ - ഇല്ല, ഇന്നും സൌന്ദര്യം അത്ര കുറഞ്ഞിട്ടില്ല.
അവള്‍ ഒരു കപ്പ് ചായ രാജീവിനു കൊടുത്തു. ട്രേയില്‍ പണിക്കാര്‍ക്കു കൊടുക്കാന്‍ മോളെ വിട്ടതാണ്. അവള്‍ പണിക്കാരുടെ അടുത്ത് കളിച്ചുകൊണ്ടു നില്‍ക്കുന്നു. “സുന്നരിക്കോതേ” - പോച്ച വെട്ടിക്കൊണ്ടിരുന്നയാളുടെ കയ്യില്‍ മോള്‍ തൂങ്ങി ഊഞ്ഞാലാടുന്നു. മുഷ്ടിചുരുട്ടി നീട്ടിപ്പിടിച്ച കയ്യില്‍ ഞരമ്പുകള്‍ തെറിച്ചു നില്‍ക്കുന്നു. അരയില്‍ ഞാത്തിയിട്ടിരിക്കുന്ന കത്താളിന്റെ വായ്ത്തല വെയിലടിച്ച് തിളങ്ങുന്നു. വടിവൊത്ത കഴുത്തില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ തോളെല്ലില്‍ ഉരുളുന്ന പേശികള്‍ കടന്ന് കൊത്തിയെടുത്ത ഉരുക്കുകൈകളിലൂടെ - വിയര്‍പ്പിറ്റുന്ന മുതുകിലെ ഉയര്‍ന്നുതാഴുന്ന കുഴികളിലൂടെ, ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ് വിരിഞ്ഞുയര്‍ന്ന മാറിലൂടെ, എണ്ണിയെടുക്കാവുന്ന വാരിയെല്ലുകളിലൂടെ, പേശികള്‍ തെറിച്ച വയറിലൂടെ ഒതുങ്ങിയ അരക്കെട്ടില്‍ - അയാള്‍ തിരിഞ്ഞുനോക്കി. കുറ്റിത്താടി വടിക്കാത്ത കവിളിനും മെലിഞ്ഞ കൊമ്പന്‍ മീശയ്ക്കും ഇടയ്ക്ക് വരണ്ട ചുണ്ടുകള്‍ ഭവ്യതയോടെ ചിരിച്ചു. “വാ” - അവള്‍ മോളെയും വിളിച്ച് അകത്തേയ്ക്കു പോയി. പണിക്കാര്‍ പുല്ലുവെട്ട് തുടര്‍ന്നു.
ടി.വി. പരിപാടികള്‍ മിക്കതും ചവറാണ്. നിധി ചാനലുകള്‍ മാറ്റി - കാണാന്‍ കൊള്ളാവുന്നത് ഒന്നുമില്ല. കറങ്ങി പഴയ ചാനലില്‍ തന്നെ തിരിച്ചെത്തി.
“എടീ, അവര്‍ക്ക് ഈ കാശെടുത്തു കൊടുക്കൂ” - ഇരുന്നൂറു രൂപ ഊണുമേശപ്പുറത്തുവെച്ച് രാജീവ് കുളിക്കാന്‍ കയറി. അഞ്ചുമിനിട്ട് കഴിഞ്ഞില്ല, പണിക്കാരന്‍ മുന്നില്‍ വന്നു. മുന്‍പ് മരത്തില്‍ ഞാത്തിയിട്ടിരുന്ന ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. “എത്രയായി”? “ഇരുന്നൂറ് ചേച്ചീ”. “ഇരുന്നൂറോ? ഇത്രയും പോച്ച വെട്ടിയതിനോ? നൂറു രൂപയുടെ പണിയില്ല. ഇതാ, നൂറ്റി ഇരുപതുണ്ട്”. അയാള്‍ ഇടതുകൈ കൊണ്ട് ചുരുണ്ട തലമുടി ചൊറിഞ്ഞു. “എന്നു പറഞ്ഞാലെങ്ങനെയാ ചേച്ചീ. ഞാന്‍ സാറിന്റടുത്ത് പറഞ്ഞിരുന്നതാണല്ലോ. കൂടെ വന്ന പയ്യനുതന്നെ എഴുപതു രൂപാ കൊടുക്കണം” - അയാള്‍ക്ക് തന്നെക്കാളും പ്രായം കാണും. എന്നിട്ടും ചേച്ചീ എന്ന് വിളിക്കുന്നു. ക്ഷോഭമില്ലാത്ത സ്വരത്തില്‍ ഭവ്യതയോടെ, കാലിലെ റബര്‍ ചെരുപ്പില്‍ നോക്കിയാണ് - “ഇല്ല, നൂറ്റിയിരുപത് രൂപയേ പറ്റൂ” - അയാള്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ നിധി വിയര്‍ക്കുന്നു. അവളുടെ നെറ്റിയില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍. കഴുത്തില്‍ നനവ് - അവള്‍ കയ്യുയര്‍ത്തി കഴുത്തു തുടച്ചു. - “നൂറ്റിയിരുപത്” എന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ ചുണ്ടുകള്‍ വിറച്ചു, അയാളുടെ മുഖത്ത് ഒരു പുഞ്ചിരിപോലെ എന്തോ ഒരു നിമിഷം മാത്രം മിന്നിമറഞ്ഞു, വീണ്ടും ഭവ്യതയോടെ “ഓ” എന്നുപറഞ്ഞ് അയാള്‍ കാശ് കൈനീട്ടിവാങ്ങിച്ച് പടിയിറങ്ങി. അവള്‍ വാതിലടച്ചു.
“മോളേ, ഇന്നു വന്ന പണിക്കാരനെ ഇനി വിളിക്കരുതെന്ന് അച്ഛനോടു പറയണം”.
“എന്താ അമ്മേ, നല്ല അങ്കിളായിരുന്നു”.
“ഛി, അസത്തേ, പറയുന്നത് കേട്ടാല്‍ മതി” - നിധി ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു.
എഴുതിയത്
സിമി
സമയം
Tuesday, October 21, 2008
12
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
10/19/2008
ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്?
ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്? സമയം ഇതാ, കാലത്തേ 5.17 ആയിരിക്കുന്നു. ഞാന്‍ ഇതുവരെ ഉറങ്ങിയിട്ടില്ല. ഇന്നലെവരെ നന്നായി ഉറങ്ങിക്കൊണ്ടിരുന്നതാണ്. സന്തോഷത്തോടെ ഇരുന്നതാണ്. ഇന്ന് രാവിലെ എനിക്കൊരു കസ്റ്റമറിന്റെ അടുത്ത് പോവേണ്ടതാണ്. 10 മണിക്ക്. ഓഫീസില്‍ പോവാന്‍ 28 കിലോമീറ്റര്‍ കാറോടിക്കണം. കസ്റ്റമറിന്റെ അടുത്തേയ്ക്ക് പിന്നെയും ഓടിക്കണം. വൈകിട്ട് 5 മണിവരെ ഓഫീസില്‍ ഇരുന്ന് വീണ്ടും തിരിച്ച് കാറോടിക്കണം. കാര്‍ എവിടെയെങ്കിലും ഇടിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ പുതിയ കാറാണ്, 8 മാസമേ ആയുള്ളൂ. ഞാന്‍ ഇതുവരെ ഈ കാര്‍ ഒരിടത്തും കൊണ്ടിടിച്ചില്ല. അങ്ങനെ ഒരു വിഷമമേ ഉള്ളൂ. ആരെങ്കിലും ആഭിചാരം ചെയ്യാതെ ഉറക്കം പോവില്ല. ആരാണ്?
ഞാന്‍ ബ്ലോഗില്‍ അധികം ആരെയും ദ്രോഹിച്ചിട്ടില്ല. ഒരു യുവ കവിയെ കുറെയൊക്കെ ദ്രോഹിച്ചിട്ടും കളിയാക്കിയിട്ടും ഉണ്ട്. അദ്ദേഹം അല്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല. രാജീവ് ചേലനാട്ടിനെയും മാരീചനെയും നമതിനെയും ഒക്കെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ദേഷ്യമുണ്ടാവാന്‍ വഴിയില്ല. പിന്നെ ആരാണ്. എന്തിനാണ്. പുസ്തകം ഇറക്കുന്നതിലുള്ള കണ്ണുകടിയാണോ? അതില്‍ വല്യ കാര്യമില്ല. ഞാന്‍ അഹങ്കാരിയും കൂട്ടുകൂടാത്തവനും ആയതാണോ? അഹങ്കാരം ഒട്ടൊക്കെ ഉണ്ട്, അത് സത്യമാണ്, പക്ഷേ എനിക്കു പുതിയ കൂട്ടുകാരെ പേടിയാണ്. സ്ഥിരം സംസാരിക്കുന്ന നാലോ അഞ്ചോ കൂട്ടുകാരുണ്ട്. പിന്നെ ബി.ടെക്കിനു കൂടെപ്പഠിച്ച കുറച്ച് കൂട്ടുകാരും ഉണ്ട്. അവരെ മാത്രമേ വിശ്വാസമുള്ളൂ. എന്റെ സ്വഭാവം കാരണമാണ്. ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. തോന്നുന്നതൊക്കെ വിളിച്ചു പറയും. അതിലും നല്ലത് അധികം കൂട്ടുകൂടാത്തതാണ്. ഏകാന്തത സാരമില്ല. ഞാന്‍ അതുമായി യൂസ്ഡ് ആയി. സ്വന്തം കൂട്ട് ആസ്വദിക്കാന്‍ പഠിച്ചു.
സ്ഥിരം കിടക്കുന്ന കട്ടിലില്‍ മൂന്നു വരികള്‍ക്കു മീതേ ഒരു പ്ലൈവുഡ് പലക വെച്ചിട്ടാണ്. അതില്‍ ഒരു വരി ഇളകി. ഇന്നലെ മെത്തവിരിച്ച് തറയില്‍ കിടന്നതാണ്. ഉറക്കം വന്നില്ല. കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ തനിയെ സ്ലീപ്പ് മോഡിലേക്ക് പോയും വീണ്ടും എഴുന്നേറ്റ് ബഹളമുണ്ടാക്കിയും ഇരുന്നു. ഞാന്‍ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു കഥ തുടക്കം മുതല്‍ അവസാനം വരെ സ്വപ്നം കണ്ടു - quite depressing one. 4 മണി ആയപ്പോള്‍ സോഫയില്‍ വന്നു കിടന്നു. എന്നിട്ടും ഉറങ്ങിയില്ല. അകത്തെ മുറിയില്‍ ഒരു വലിയ കട്ടിലുണ്ട്. അവിടെയും കിടന്നുനോക്കി. അതല്ല - എനിക്കറിയാം.
ആരോ എന്റെ ഒരു നൂല്‍പ്പാവ ഉണ്ടാക്കിയിട്ട് അത് തിരിച്ചും മറിച്ചും കളിക്കുവാണ്. ഞാന്‍ ഉറങ്ങിത്തുടങ്ങുമ്പോള്‍ ഒന്നു കുടയും, തിരിച്ചിടും, മറിച്ചിടും, കാലില്‍ നിന്നും പുതപ്പുവലിക്കും. നീളമുള്ള കമ്പിളിപ്പുതപ്പാണ്. ഇന്നലെമാത്രമെന്താ നീളമെത്താത്തത്?
നോക്കിക്കോ, നിങ്ങള്‍ എവിടെയായാലും ഞാന്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും. എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്നില്ല. പക്ഷേ പോലീസ് ഈ നൂല്‍പ്പാവ നിങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിക്കും. അതിനെ ഒരു കണ്ണാടിക്കൂട്ടില്‍ കിടത്തി തലവഴിയേ പുതപ്പിക്കും. അനക്കാന്‍ സമ്മതിക്കില്ല. ഞാന്‍ സുഖമായി ഉറങ്ങും.
ആരായാലും എന്നെ എന്തിനാണിങ്ങനെ ദ്രോഹിക്കുന്നത്? എനിക്ക് ഉറങ്ങണം.
എഴുതിയത്
സിമി
സമയം
Sunday, October 19, 2008
22
അഭിപ്രായങ്ങള്‍
ലേബലുകള്‍: ആഭിചാരം